ജനുവരി മുതല്‍ കേരള ഹൈക്കോടതിയില്‍ ഇ- ഫയലിംഗ്
കൊച്ചി: ജനുവരി മുതല്‍ കേരള ഹൈക്കോടതിയില്‍ ഇ- ഫയലിംഗ് സംവിധാനം നടപ്പാക്കാനൊരുങ്ങുന്നു. ഇതോടെ ഹര്‍ജികളുടെ നേരിട്ടുള്ള ഫയലിംഗ് ഒഴിവാക്കും. എല്ലാ ഹര്‍ജികളും ഇ- ഫയലിംഗ് സംവിധാനത്തിനു കീഴിലാണ് സ്വീകരിക്കുക. സുപ്രീംകോടതിയുടെ ഇ- കമ്മിറ്റി നിര്‍ദേശപ്രകാരമാണ് ഇ- ഫയലിംഗ് നടപ്പാക്കാന്‍ ഹൈക്കോടതി ഒരുങ്ങുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്തുതന്നെ ഹൈക്കോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും.
പ്രധാനപ്പെട്ട എല്ലാ കേസുകള്‍ക്കും ഇ- ഫയലിംഗ് ബാധകമാക്കും. ഇ- ഫയലിംഗ് വരുന്നതോടെ അഭിഭാഷകര്‍ക്ക് രേഖകളുടെ പകര്‍പ്പെടുക്കുന്നതടക്കമുള്ള ചിലവുകള്‍ കുറയും. മാത്രമല്ല ഹൈക്കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത അഭിഭാഷകര്‍ക്ക് ലോകത്തെവിടെനിന്നും കേസുകള്‍ ഫയല്‍ ചെയ്യാനും സാധിക്കും. കോവിഡ് കാലത്തു ജാമ്യാപേക്ഷകള്‍ ഇ- ഫയലിങ് വഴിയും സമര്‍പ്പിക്കാമെന്നു നിര്‍ദേശമുണ്ടായെങ്കിലും ക്ലര്‍ക്കുമാരുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന കാരണം പറഞ്ഞു ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്‍ ഇതു നടപ്പാക്കാന്‍ മുതിര്‍ന്നില്ല.
എല്ലാ ഹര്‍ജികളും ഇ- ഫയലിംഗിലേക്കു മാറുന്നതോടെ അഡ്വക്കേറ്റ്സ് ക്ലര്‍ക്കുമാരുടെ ആവശ്യം ഇല്ലാതാകുമെന്നതിനാല്‍ അവരുടെ സംഘടനയില്‍നിന്നു പ്രതിഷേധം ഉയരുന്നുണ്ട്. എല്ലാ അഭിഭാഷകര്‍ക്കും യൂണിയന്‍ അംഗമായ ഒരു ക്ലര്‍ക്കെങ്കിലും ഉണ്ടായിരിക്കും. ഇ- ഫയലിംഗ് നടപ്പിലാകുന്നതോടെ ഹൈക്കോടതി ബഞ്ചിലെത്തുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സാധിക്കും. കേസ് കൈകാര്യം ചെയ്യുന്ന പോലീസ് സ്റ്റേഷനിലും ജില്ല പോലീസ് മേധാവിക്കും ഉടനടി വിവരം ലഭ്യമാവുകയും ചെയ്യും. കേസിന്റെ വിശദാംശങ്ങളും രേഖകളും ഫയല്‍ ചെയ്യുമ്പോള്‍ത്തന്നെ കോടതിക്കും പ്രോസിക്യൂട്ടര്‍ക്കും ലഭ്യമാകും.
ജാമ്യം അനുവദിച്ചാല്‍ ഉത്തരവിന്റെ പകര്‍പ്പ് നേരിട്ടു പോലീസ് സ്റ്റേഷനിലും പ്രതി കസ്റ്റഡിയില്‍ കഴിയുന്ന ജയിലിലും പ്രതിഭാഗം അഭിഭാഷകനും ഓണ്‍ലൈന്‍ ആയി ലഭിക്കുന്നതിനാല്‍, ജാമ്യ നടപടികള്‍ വേഗത്തില്‍ നടപ്പാക്കാം. പല കേസിലും അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ടു ഹൈക്കോടതിയില്‍ എത്തുന്നതും ഒഴിവാക്കാം. ജാമ്യത്തിനായി വ്യാജ രേഖകള്‍ ഹാജരാക്കുന്നത് പരിശോധിക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും. അധികം വൈകാതെ തന്നെ കീഴ്‌ക്കോടതികളിലും ഇ- ഫയലിംഗ് സംവിധാനം നിലവില്‍ വരും.