നിബന്ധന പാലിച്ചില്ല; ഖത്തറിലെത്തിയ 17 മലയാളികളെ തിരിച്ചയച്ചു
ദോഹ: നിബന്ധന പാലിക്കാത്തതിനെ തുടര്‍ന്ന് ഖത്തറിലെത്തിയ 17 മലയാളികളെ തിരിച്ചയച്ചു. ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലെത്തിയ 17 മലയാളികളെയാണ് യാത്രാ നിബന്ധന പാലിക്കാത്തതിനെ തുടര്‍ന്ന് തിരിച്ചയച്ചത്. 5000 റിയാല്‍ കൈവശമോ അല്ലെങ്കില്‍ അതിന് തുല്യമായ തുക ബാങ്ക് അക്കൗണ്ടിലോ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്് ഇവരെ അതേ വിമാനത്തില്‍ തന്നെ തിരിച്ചയച്ചത്. സൗദി അറേബ്യയിലേക്ക് പോകാനെത്തിയവരായിരുന്നു എല്ലാവരും.
കഴിഞ്ഞ ദിവസം രാവിലെ കോഴിക്കോട് നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയവരായിരുന്നു ഇവര്‍. പണം കൈവശമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. പത്ത് മണിക്കൂറോളം വിമാനത്താവളത്തില്‍ തന്നെ ഇവരെ തടഞ്ഞുവെയ്ക്കുകയും പിന്നീട് രാത്രിയോടെ അതേ വിമാനത്തില്‍ തന്നെ തിരികെ അയക്കുകയായിരുന്നു.
മടക്കയാത്രയ്ക്ക് 650 റിയാലാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഈടാക്കിയത്. 2000 റിയാല്‍ ആവശ്യപ്പെട്ടെങ്കിലും തര്‍ക്കത്തിനൊടുവില്‍ 650 റിയാലാക്കി കുറയ്ക്കുകയായിരുന്നു വെന്ന് യാത്രക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പരിശോധന നടത്തിയപ്പോഴാണ് 17 പേര്‍ കുടുങ്ങിയത്. ഓണ്‍അറൈവല്‍ വിസയില്‍ വരുന്നവരുടെ കൈവശം നിശ്ചിത തുകയുണ്ടാകണമെന്ന നിബന്ധന നേരത്തെ തന്നെ ഉണ്ടായിരുന്നു.
എന്നാല്‍ ഇക്കാര്യം യാത്രക്കാര്‍ അറിഞ്ഞിരുന്നില്ലെന്നും എയര്‍ ഇന്ത്യയോ ട്രാവല്‍ ഏജന്‍സിയോ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. യാത്രക്കാരുടെ കൈവശം നിശ്ചിത തുകയുണ്ടോയെന്ന് ദോഹയിലും പതിവായി പരിശോധിക്കാറില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല വിദേശ രാജ്യങ്ങളും ഇപ്പോള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.