അനുവാദം ഇല്ലാതെ വീഡിയോ പകര്‍ത്തി : വ്ലോഗര്‍ സുജിത് ഭക്തനെതിരെ വനംവകുപ്പ് റിപ്പോര്‍ട്ട്
മൂന്നാര്‍: വ്ലോഗര്‍ സുജിത് ഭക്തനെതിരെ വനംവകുപ്പിന്റെ റിപ്പോര്‍ട്ട്. സുജിത് ഭക്തന്‍ സംരക്ഷിത വനമേഖലയില്‍ നിന്ന് ചിത്രങ്ങളും വിഡിയോയും പകര്‍ത്തിയത് അനുമതി ഇല്ലാതെയാണെന്ന് വനംവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. സംരക്ഷിത വനമേഖലയായ ഇരവികുളം ഉദ്യാനത്തില്‍നിന്ന് സുജിത് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് മൂന്നാര്‍ റേഞ്ച് ഓഫിസര്‍ എസ്.ഹരീന്ദ്രകുമാര്‍ ഡിഎഫ്‌ഒ പി.ആര്‍.സുരേഷിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അതേസമയം, സുജിത് സന്ദര്‍ശിച്ച ഇടമലക്കുടി സംരക്ഷിത വനമേഖല അല്ലെന്നും
എംപി ഡീന്‍ കുര്യാക്കോസിന്റെ ഒപ്പമാണ് സുജിത് യാത്ര ചെയ്തത് എന്നതിനാല്‍ പ്രത്യേകം പരിശോധന നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേതുടര്‍ന്ന് നടപടികളൊന്നും ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ഹരീന്ദ്രകുമാര്‍ വ്യക്തമാക്കി.
നിലവില്‍ കോവിഡ് കേസുകള്‍ ഇല്ലാത്ത പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഇവിടേക്ക് ലോക്ക്ഡൗണ്‍ ദിവസമായ ഞായറാഴ്ചയാണ് ഡീന്‍ കുര്യാക്കോസ് എംപിക്കൊപ്പം സുജിത് ഭക്തന്‍ എത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംരക്ഷിത വനമേഖലയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിവാദമായത്