അഫ്ഗാനിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി, 250 പേർ മരിച്ചതായി റിപ്പോർട്ടുകൾ
അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ ഉണ്ടായ ഭൂകമ്പത്തിൽ 250 പേർ മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വ്യാപകമായ നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. 500ലധികം പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാത്രി പ്രാദേശിക സമയം 11.30ന് ശേഷം ജലാലാബാദിന് കിഴക്കായി 27 കിലോമീറ്റർ അകലെയായിരുന്നു ഭൂചലനം. ജലാലാബാദ് നഗരത്തോട് ചേർന്ന പ്രദേശമാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചു.
നൂർഗൽ, സാവ്‌കെ, വാതപൂർ, മനോഗി, ചാപ്പ ദാര എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. നിരവധി ഗ്രാമങ്ങൾ മണ്ണിനടിയിലായി, വീടുകളും കെട്ടിടങ്ങളും തകർന്നു. ഒരു ഗ്രാമത്തിൽ മാത്രം 30ലേറെ മൃതദേഹങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. പ്രദേശത്തെത്താൻ വലിയ ബുദ്ധിമുട്ടുള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് അഫ്ഗാൻ ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫത് സമാൻ അറിയിച്ചു.
പാകിസ്താൻ- അഫ്ഗാൻ അതിർത്തിയോടു ചേർന്ന പ്രദേശത്തും ഭൂചലനം അനുഭവപ്പെട്ടു. തുടർന്ന് റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടർചലനവും ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ഭൂകമ്പത്തിന്റെ പ്രകമ്പനം പാകിസ്താനും ഇന്ത്യക്കും അനുഭവപ്പെട്ടിരുന്നു. 2023 ഒക്ടോബറിലെ ഭൂകമ്പത്തിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട ദുരന്തം അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്നുവെന്നത് വീണ്ടും ഓർമ്മിപ്പിക്കുന്ന ദുരന്തമാണ് ഇതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Tag: Earthquake in Afghanistan; 6.0 magnitude recorded, 250 dead, reports