Kerala NewsLatest News

കണ്ണൂര്‍ സ്വദേശിയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുത്ത് എക്മോ മെഷീന്‍; കൊവിഡ് രോഗിക്ക് പുതുജീവന്‍

കോഴിക്കോട് ; കൊവിഡ് ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലായ 44കാരന് എക്‌മോ മെഷീനിന്റെ സഹായത്താല്‍ പുതുജീവന്‍. കൊവിഡ് ബാധിതനാവുകയും ന്യുമോണിയ ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലാവുകയും ചെയ്ത കണ്ണൂര്‍ സ്വദേശി സന്തോഷാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവേശിപ്പിക്കപ്പെട്ട സന്തോഷിന്റെ ശ്വാസകോശത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളെ കൃത്രിമമായ മാര്‍ഗത്തിലേക്ക് മാറ്റി സ്ഥാപിച്ച ശേഷം (എക്‌മോ മെഷിന്‍) ന്യുമോണിയ ബാധ ചെറുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു.

21 ദിവസം നീണ്ടുനിന്ന പ്രയത്‌നത്തിനൊടുവിലാണ് സന്തോഷിന്റെ ജീവന്‍ തിരിച്ചു പിടിക്കാന്‍ സാധിച്ചത്. ഈ സമയമത്രയും ശ്വാസകോശത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിര്‍വഹിച്ചത് എക്‌മോ മെഷീന്‍ ആയിരുന്നു. മരണമുഖത്ത് നിന്ന് അവിശ്വസനീയമായ തിരിച്ചു വരവിനാണ് ഇതോടെ സാക്ഷ്യം വഹിച്ചത്. സന്തോഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതിന് ശേഷം മൂന്ന് പേര്‍ കൂടി എക്‌മോ മെഷീനിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നേരിട്ടും കമഴ്ത്തിക്കിടത്തിയും വെന്റിലേറ്റര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നഴ്‌സ് കൂടിയായ ഭാര്യയുടെ സമ്മതപ്രകാരം ആശുപത്രി അധികൃതര്‍ സന്തോഷിന് എക്‌മോയുടെ സാധ്യത ഉപയോഗപ്പെടുത്തിയത്. നേരത്തേ, എക്‌മോ മെഷീന്‍ കേരളത്തില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും കൊവിഡ് ബാധിച്ച വ്യക്തിയില്‍ വിജയകരമായി ഉപയോഗപ്പെടുത്തുന്നത് ആദ്യമാണ്.

പ്രായം കുറഞ്ഞവരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഇത് നിര്‍ണായക സഹായമായി മാറുമെന്ന് ചികിത്സക്ക് നേതൃത്വം നല്‍കിയ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. മഹേഷ് ബി എസ് പറഞ്ഞു. ഡോ. അനില്‍ ജോസിന്റെ നേതൃത്വത്തിലുള്ള കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗവും ഗിരീഷ് എച്ചിന്റെ നേതൃത്വത്തിലുള്ള പെര്‍ഫ്യൂഷനിസ്റ്റ് ടീമും പങ്കാളികളായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button