ലാവ്‌ലിന്‍ കേസില്‍ ഇടപെടാന്‍ ഇഡി, തെളിവുകളുമായി ഹാജരാകാന്‍ ക്രൈം നന്ദകുമാറിന് നോട്ടീസ്

കൊച്ചി: കിഫ്‌ബി പോര് മുറുകി നില്‍ക്കെ കേരളത്തില്‍ രാഷ്ട്രീയ വിവാദം സൃഷ്‌ടിച്ച ലാവ്‌ലിന്‍ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇടപെടുന്നു. ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാറിന്റെ പരാതിയിലാണ് ഇ ഡി ഇടപെടുന്നത്. തെളിവുകളുമായി ഹാജരാകാന്‍ നന്ദകുമാറിന് ഇ ഡി നോട്ടീസ് നല്‍കി.
നാളെ രാവിലെ പതിനൊന്ന് മണിയ്‌ക്ക് ഹാജരാകാനാണ് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. 2006ല്‍ നല്‍കിയ പരാതിയിലാണ് ഇ ഡിയുടെ നടപടി. സംസ്ഥാനം മറ്റൊരു തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ ലാവ്‌ലിന്‍ കേസ് സജീവമാകുന്നത് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.
2006ല്‍ നന്ദകുമാര്‍ പരാതി നല്‍കിയെങ്കിലും കേസില്‍ സര്‍ക്കാര്‍ ഇടപെടലൊന്നും ഉണ്ടാവാത്തതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ തന്നെ നേരിട്ടുകണ്ട് നന്ദകുമാര്‍ വിവരം അറിയിച്ചിരുന്നു. 2008ല്‍ കേസുമായി ബന്ധപ്പെട്ട് സി ബി ഐയും ക്രൈം നന്ദകുമാറിന്റെ കൈയില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചിരുന്നു.
ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിനാണ് പതിനഞ്ച് വര്‍ഷം മുമ്ബ് നന്ദകുമാര്‍ പരാതി നല്‍കിയത്. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ നികുതി വെട്ടിപ്പ് അടക്കമുളളവയായിരുന്നു പരാതിയുടെ ഉളളടക്കം. കഴിഞ്ഞ മാസം 25നാണ് നന്ദകുമാറിന് ഇ ഡി നോട്ടീസ് നല്‍കിയത്.