keralaKerala NewsLatest News

ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ച കേസ്; മാത്യു കുഴൽനാടനെ ഇഡി ചോദ്യം ചെയ്യും

ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ചതുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. എം.എൽ.എ മാത്യു കുഴൽനാടനെ ഉടൻ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. സ്ഥലത്തിന്റെ മുൻ ഉടമയെ ഇഡി ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. സർക്കാർ ഭൂമി 50 സെന്റ് കയ്യേറി റിസോർട്ട് പണിതെന്നാരോപണത്തിൽ വിജിലൻസ് അന്വേഷണം തുടരുന്ന വേളയിലാണ് ഇഡിയുടെ ഇടപെടൽ.

ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസിൽ നേരത്തെ ഇടുക്കി വിജിലൻസ് യൂണിറ്റ് മാത്യു കുഴൽനാടനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേസിലെ 16-ാമത്തെ പ്രതിയാണ് അദ്ദേഹം. ആകെ 21 പേരാണ് പ്രതികളായി ഉള്ളത്.

ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ഭൂമി സ്വന്തമാക്കിയെന്നതാണ് വിജിലൻസ് എഫ്‌ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്. 2012 മുതൽ നടന്ന ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് കേസ്. 2012-ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് ഒന്നാം പ്രതി.

ഇടുക്കി ചിന്നക്കനാലിലെ ‘കപ്പിത്താൻ റിസോർട്ട്’ പ്രവർത്തിക്കുന്ന ഭൂമി സംബന്ധിച്ച വിജിലൻസ് അന്വേഷണത്തിൽ സർക്കാർ പുറമ്പോക്ക് ഭൂമി ഉൾപ്പെടുത്തി റിസോർട്ട് നിർമ്മിച്ചുവെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് റവന്യൂ വകുപ്പ് കേസ് എടുത്തിരുന്നു. ഇതിനിടയിലാണ് വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും, ഇപ്പോൾ ഇഡിയും അന്വേഷണം തുടങ്ങുകയും ചെയ്തിരിക്കുന്നത്.

Tag: ED to question Mathew Kuzhalnadan in Chinnakanal resort encroachment case

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button