ബിനീഷ് പ്രതിയായ ദുബൈയിലെ ബാങ്ക് തട്ടിപ്പു കേസും ഇ ഡി അന്വേഷിക്കും.

ബംഗളൂരു / സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ദുബായിൽ പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെ കുറിച്ചുകൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ബിനീഷിനെതിരായ ഞെട്ടിക്കുന്ന കണ്ടെത്തൽ വെളിപ്പെടുത്തികൊണ്ട് ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ബാങ്ക് തട്ടിപ്പ് കേസിന്റെ വിവരങ്ങളും, കേസിന്റെ ഇപ്പോഴുള്ള അവസ്ഥയും, കേസ് ഒത്തുതീർപ്പാക്കാൻ ബിനീഷ് ചിലവഴിച്ച പണത്തിന്റെ ഉറവിടവുമാണ് ഇ ഡി അന്വേഷിക്കുക. വായ്പ തിരിച്ചടയ്ക്കാത്ത തിനെത്തുടര്ന്നുള്ള ക്രിമിനൽ കേസിൽ പ്രതിയായ ബിനീഷ് കോടിയേരിയുടെ കേസിൽ ദുബായ് കോടതി രണ്ട് മാസമാണ് ബിനീഷിന് ജയിൽ ശിക്ഷ വിധിച്ചിരുന്നത്.
തുടർന്ന് ബിനീഷിനെ കരിമ്പട്ടികയിൽ പെടുത്തുകയായിരുന്നു. സൗദി അറേബ്യൻ ധനകാര്യസ്ഥാപനമായ സാംബാ ഫിനാൻസിയേഴ്സിന്റെ ദുബായ് ശാഖയിൽ നിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസിൽ 2017 ഡിസംബര്‍ 10നാണ് ദുബായ് കോടതി ബിനീഷിന് ജയിൽ ശിക്ഷ വിധിച്ചത്. ഇബ്രാഹിം കമാൽ ഇബ്രാഹിം നല്കിയ പരാതിയിൽ ബര്‍ദുബായ് പോലീസ് 2015 ഓഗസ്റ്റ് ആറിനാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പണം തിരിച്ചു പിടിക്കാൻ ബാങ്ക് ശ്രമിച്ചെങ്കിലും ഉന്നത രാഷ്ട്രീയനേതാവിന്റെ മകൻ എന്നായിരുന്നു റിക്കവറി ഏജൻസി ബാങ്ക് അധികൃതർക്ക് നല്കിയ റിപ്പോര്‍ട്ട്.1.74 കോടി രൂപയുടെ ചെക്ക് കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ സഹോദരൻ ബിനോയ് കോടിയേരിയ്ക്ക് യുഎയിയിലേയ്ക്ക് യാത്രാവിലക്കുണ്ടായതിനു പിറകെയാണ് ബിനീഷിന്റെ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്ന് പുറത്തുവരുന്നത്. അതേസമയം, യുഎഇ നിയമപ്രകാരം ശിക്ഷ വിധിച്ച ശേഷവും ഒത്തുതീര്‍പ്പിലെത്തിക്കാം എന്നതും, പരാതിക്കാരന് പണം കൊടുത്ത് ധാരണയിലെത്തിയ ശേഷം പരാതിക്കാരൻ നല്കുന്ന മോചനക്കത്ത് ഹാജരാക്കിയാൽ ശിക്ഷ റദ്ദാക്കാം എന്ന അവസരം ബിനീഷ് കോടിയേരി ഉപയോഗിക്കുകയായിരുന്നു. ഈ കേസ് ഒത്തു തീർപ്പാക്കാൻ ചിലവഴിക്കപ്പെട്ട പണത്തിന്റെ വിവരമാണ് ഇ ഡി അന്വേഷിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
ബിനീഷ് അനൂപിന് നൽകിയ അഞ്ച് കോടി രൂപ സമാഹരിച്ചത് മയക്കുമരുന്ന് കച്ചവടത്തിലൂടെ ആണെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. അഞ്ച് കോടിയിലധികം രൂപ ബിനീഷ് അനൂപിന് കൈമാറിയത്, 2012 മുതൽ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ആയിരുന്നു. ബിനീഷ് ലഹരിമരുന്ന് കച്ചവടം നടത്തിയെന്ന് മൊഴികളുണ്ട്. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ആദായ നികുതി രേഖകളിൽ പൊരുത്തക്കേടു കൾ മാത്രമാണ് ഉള്ളത്. ഈ കമ്പനികളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇ.ഡി സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരിക്കുകയാണ്. സ്വർണക്കടത്ത് കേസിൽ പ്രതി അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണ്. നിരവധി പേരെ ബിനാമിയാക്കി ധാരാളം സ്വത്തുക്കൾ ബിനീഷ് മറച്ചുവച്ചിട്ടുണ്ട്. ഇ.ഡി റിപ്പോർട്ടിൽ പറയുന്നു.