പെഗസസില്‍ അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗില്‍ഡ് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: പെഗസസ് ചാരസോഫ്റ്റ്വെയര് ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ നൂറുകണക്കിന് പേരുടെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമസ്ഥാപനങ്ങളുടെ കൂട്ടായ്മയായ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചു. ഫോണ്‍ ചോര്‍ത്തല്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു. ചാരസോഫ്റ്റ്വെയര് കരാര്‍ സംബന്ധിച്ച വിവരങ്ങളും ആരെയൊക്കെ ലക്ഷ്യമിട്ടെന്ന പട്ടികയും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് കോടതി ആവശ്യപ്പെടണമെന്നും ഹരജിയില്‍ പറഞ്ഞു. വിഷയം കോടതി വ്യാഴാഴ്ച പരിഗണിക്കും.
മാധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കണമെങ്കില്‍ സര്‍ക്കാറോ അവയുടെ ഏജന്‍സികളോ ഇടപെടാതിരിക്കണം. സര്‍ക്കാര്‍ തങ്ങളുടെ അധികാര പരിധി ലംഘിക്കുന്നുണ്ടോ എന്നും ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും അറിയാന്‍ രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമുണ്ട്. പാര്‍ലമെന്‍റിലൂടെ ഇതിന് പ്രതിവിധി തേടാനുള്ള എല്ലാ അവസരവും തടയപ്പെട്ടുവെന്നും റിട്ട് ഹരജിയില്‍ എഡിറ്റേഴ്സ് ഗില്‍ഡ് വ്യക്തമാക്കി.
നേരത്തെ, ചാരവൃത്തിക്കിരയായ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെത്തിയിരുന്നു. പരന്‍ജോയ് ഗുഹ താക്കൂര്‍ത്ത, പ്രേം ശങ്കര്‍ ഝാ, എസ്.എന്‍.എം ആബ്ദി, രൂപേഷ് കുമാര്‍ സിങ്, ഇപ്സ ഷതാക്സി എന്നിവരാണ് കോടതിയെ സമീപിച്ചത്.
പെഗസസ് ചാരവൃത്തിയില്‍ സുപ്രീംകോടതി ജഡ്ജിയുടെ മോല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എന്‍. റാമും ശശികുമാറും സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജിക്ക് പുറമെ സുപ്രീംകോടതി അഭിഭാഷകന് മനോഹര്‍ ലാല്‍ ശര്‍മയയും കേരളത്തില്‍ നിന്നുള്ള സി.പി.എം രാജ്യസഭ എം.പി ജോണ്‍ ബ്രിട്ടാസും സമര്‍പ്പിച്ച ഹരജികളും കോടതിയുടെ പരിഗണനയിലുണ്ട്.