കേരളത്തിന് സമഗ്ര ശിക്ഷ കേരള ഫണ്ടിന്റെ ആദ്യ ഗഡുവായി 92.41 കോടി രൂപ വിദ്യാഭ്യാസ വകുപ്പിനു ലഭിച്ചു

കേരളത്തിന് എസ്എസ്എകെ (Samagra Shiksha Kerala) ഫണ്ടിന്റെ ആദ്യ ഗഡുവായി 92.41 കോടി രൂപ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചു. ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചതിന് പിന്നാലെയാണ് തുക സംസ്ഥാനത്തേക്ക് എത്തിയത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അനുവദിച്ച ഈ തുക, കേരളം സമർപ്പിച്ച 109 കോടിയുടെ ഭാഗമാണ്. ബാക്കി 17 കോടി രൂപ നോൺ-റക്കറിങ് ഇനത്തിൽ ലഭിക്കാനുണ്ട്.
തടഞ്ഞുവെച്ച ഫണ്ട് നൽകുമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സുപ്രീംകോടതിയിൽ ഉറപ്പ് നൽകിയിരുന്നു. സംസ്ഥാനത്തെ സ്പെഷ്യൽ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ഇന്ന് കേന്ദ്ര സർക്കാർ നിർണായക നിലപാട് സ്വീകരിച്ചത്. പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം നടപ്പാക്കാനിരിക്കെ കേന്ദ്രം ഈ നിലപാട് എടുത്തത് ശ്രദ്ധേയമാണ്.
സ്പെഷ്യൽ അധ്യാപകരുടെ സ്ഥിര നിയമനം നടപ്പാക്കാനാകാത്തതിന്റെ കാരണം കേന്ദ്രം ഫണ്ട് തടഞ്ഞുവെച്ചതാണെന്നായിരുന്നു കേരള സർക്കാരിന്റെ വാദം. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ പരിശീലനത്തിന് സ്പെഷ്യൽ അധ്യാപകർ അനിവാര്യമാണെന്നും അതിനായി ഫണ്ട് നിർബന്ധമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
സ്പെഷ്യൽ അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ സമയബന്ധിതമായി കൈക്കൊള്ളണമെന്ന് സുപ്രീംകോടതി സംസ്ഥാനത്തോട് നിർദ്ദേശം നൽകി. നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ജനുവരി 31നകം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദിപാങ്കർ ദത്തയും അഗസ്റ്റിൻ ജോർജ് മാസിയും ഉൾപ്പെട്ട ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്.
Tag: Education Department received Rs 92.41 crore as the first installment of the Samagra Shiksha Kerala Fund for Kerala



