“സ്കൂൾ തലത്തിൽ സമവായം നടന്നിട്ടുണ്ടെങ്കിൽ നല്ലകാര്യം”; ഹിജാബ് വിവാദത്തിൽ നിലപാട് മയപ്പെടത്തി വിദ്യാഭ്യാസ മന്ത്രി

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിലപാട് മയപ്പെടുത്തി. “സ്കൂൾ തലത്തിൽ സമവായം നടന്നതായി അറിഞ്ഞിട്ടുണ്ട്. അതെങ്കിൽ അതൊരു നല്ല കാര്യമാണ് — വിവാദം ഇതോടെ അവസാനിക്കട്ടെ. തർക്കം വഷളാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. പഠനം നിഷേധിക്കാനുള്ള അവകാശം ആര്ക്കും ഇല്ല,” എന്ന് മന്ത്രി വ്യക്തമാക്കി.
കുട്ടിയുടെ രക്ഷിതാവ് നിലപാട് മാറ്റിയതായി അറിയിപ്പുണ്ട്. ശിരോവസ്ത്രം ധരിക്കാതെ തന്നെ കുട്ടിയെ സ്കൂളിൽ അയക്കാമെന്ന് രക്ഷിതാവ് അറിയിച്ചതായി മന്ത്രി പറഞ്ഞു. ഇതോടെ വിഷയത്തിൽ പരിഹാരം കണ്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു.
“ഒരു കുട്ടിയുടെ വിദ്യാഭ്യാസാവകാശം എന്തിന്റെ പേരിലായാലും നിഷേധിക്കാനാവില്ല. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇടപെട്ടത്. അതനുസരിച്ച് സ്കൂളിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഭരണഘടനയും വിദ്യാഭ്യാസ ചട്ടങ്ങളും പാലിച്ച് സ്കൂൾ പ്രവർത്തിക്കേണ്ടതാണ്,” എന്ന് ശിവൻകുട്ടി വ്യക്തമാക്കി.
ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ കുട്ടിയെ പുറത്താക്കിയത് ചട്ടവിരുദ്ധമാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മാനേജ്മെന്റിനോട് വിശദീകരണം ആവശ്യപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.
“ഇത്തരത്തിലുള്ള സംഭവങ്ങൾ വർഗീയ വേർതിരിവിന് വഴിയൊരുക്കരുത്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും കോടതിവിധികളും മുൻനിർത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. മാനേജ്മെന്റിന്റെ താൽപര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന പിടിഎ രൂപീകരിച്ചുവെന്നതും, അന്വേഷണത്തോട് സഹകരണമില്ലെന്നതും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു.
കെരളയിൽ അൺഎയ്ഡഡ് സ്ഥാപനങ്ങൾക്കും എൻഒസി പുതുക്കേണ്ട അധികാരം വിദ്യാഭ്യാസ വകുപ്പിനാണെന്നും അതിനാൽ എല്ലാ ഘടകങ്ങളും പരിഗണിച്ചായിരിക്കും മുന്നോട്ട് പോകുക എന്നും മന്ത്രി വ്യക്തമാക്കി. “വിഷയം ചിലർ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നതായി മനസ്സിലായതിനാൽ, ഇപ്പോൾ അതിനെ സമാധാനപരമായി അവസാനിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം,” എന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Tag: Education Minister softens stance on hijab controversy