കെ. സുരേന്ദ്രന്റെ വിവാദ പരാാമർശത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പട്ടികജാതി സംവരണ മണ്ഡലങ്ങളിൽ വിജയിക്കുന്നവരിൽ ഭൂരിഭാഗവും ‘നാമധാരി’ പട്ടികജാതിക്കാരാണെന്ന സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പട്ടികജാതി വിഭാഗങ്ങളെ അവഹേളിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പരാമർശം സാമൂഹ്യനീതിയോടുള്ള പ്രതിബദ്ധതയുടെ അഭാവം തെളിയിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഒരു രാഷ്ട്രീയ നേതാവ്, അതും മുൻ സംസ്ഥാന അധ്യക്ഷൻ, ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നത് അത്ഭുതകരമാണ്. ഇത് ഭരണഘടനാപരമായ അവകാശങ്ങളെയും സംവരണ തത്വങ്ങളെയും ചോദ്യം ചെയ്യുന്ന സമീപനമാണ്. സംവരണം പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ജനാധിപത്യ പ്രക്രിയയിൽ പ്രാതിനിധ്യം ഉറപ്പാക്കാൻ അനിവാര്യമാണ്. അതിനെ ‘നാമധാരി’ എന്ന് വിളിച്ച് തരംതാഴ്ത്തുന്നത് അവരുടെ അവകാശങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണ്,” വി. ശിവൻകുട്ടി പറഞ്ഞു.
കേരളം സാമൂഹ്യനീതിക്കും സമത്വത്തിനും മുൻഗണന നൽകുന്ന സംസ്ഥാനമാണെന്നും, ജാതിയുടെ പേരിൽ ആരെയും അവകാശങ്ങളിൽ നിന്ന് മാറ്റിനിർത്താൻ സർക്കാർ ഒരിക്കലും കൂട്ടുനിൽക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ പുരോഗമനപരമായ കാഴ്ചപ്പാടുകൾ ചോദ്യം ചെയ്യുന്ന സുരേന്ദ്രന്റെ പോസ്റ്റ് സാമൂഹിക ഭിന്നത വളർത്തുന്നതാണ്. ഇത്തരം വിദ്വേഷ പ്രസ്താവനകൾക്കെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്നും, ഇത് ബിജെപിയുടെ സാമൂഹിക കാഴ്ചപ്പാടുകളിലെ തെറ്റായ ധാരണകളെ വെളിവാക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സുരേന്ദ്രൻ തന്റെ പോസ്റ്റിൽ, പട്ടികജാതി സംവരണ മണ്ഡലങ്ങളിൽ പോലും യഥാർത്ഥ പട്ടികജാതിക്കാർക്ക് ജയിക്കാൻ അവസരം ഇല്ലെന്നും ഇടതും വലതും ജയിപ്പിക്കുന്നവരിൽ ഭൂരിഭാഗവും ‘നാമധാരി’ പട്ടികജാതിക്കാരാണെന്നും ആരോപിച്ചു. കൊടിക്കുന്നിൽ സുരേഷിനെയും പി.കെ. ബിജുവിനെയും ലക്ഷ്യമിട്ട് അദ്ദേഹം പോസ്റ്റ് ചെയ്തതിൽ, “ഛത്തീസ്ഗഡിന്റെ പശ്ചാത്തലത്തിൽ വീണ്ടും ഓർമ്മിപ്പിക്കുകയാണ്. മോദി സർക്കാർ വന്നതിന് ശേഷം ഇത്തരം സംഭവങ്ങൾ കുറഞ്ഞുവെന്നാണ് കണക്കുകൾ പറയുന്നത്. പക്ഷേ കേരളത്തിൽ ഒറ്റപ്പെട്ട സംഭവങ്ങൾ പോലും പർവ്വതീകരിക്കപ്പെടുന്നു. എല്ലാവരും ബോധപൂർവ്വം വിസ്മരിക്കുന്ന സത്യം ഇതാണ്,” എന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
Tag: Education Minister V. Sivankutty responds to K. Surendran’s controversial speech