കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. തിയതി പിന്നീട് പ്രഖ്യാപിക്കും. ഒക്ടോബര്‍ അവസാനത്തോടെ നടത്താനാണ് ആലോചിക്കുന്നത്. ആരോഗ്യ വിദഗ്ധരുമായും രാഷ്ട്രീയ പ്രതിനിധികളുമായും വീണ്ടും ചര്‍ച്ച നടത്തും. വെര്‍ച്വല്‍ ക്യാമ്പയിന്‍ നടത്തുന്നത് പരിഗണിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്‍ അറിയിച്ചു.രാഷ്ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് നീട്ടാന്‍ ആവശ്യപ്പെട്ടില്ല. ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തിയെന്നും ആരോഗ്യവിദഗ്ധര്‍ ഉടന്‍ മാര്‍ഗരേഖ തയാറാക്കും. ഒരു മണിക്കൂര്‍ പോളിങ് സമയം നീട്ടും. തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പ് സമയക്രമത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തും.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിയിലധികം വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നതാണ്. അതിനാല്‍ തന്നെ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. പല പ്രദേശങ്ങളും കണ്ടൈന്‍മെന്റ് സോണിലാണ്. സംസ്ഥാനത്ത് ഞായറാഴ്ചത്തെ കണക്കുപ്രകാരം 568 ഹോട്ട്സ്പോട്ടുകളാണുള്ളത്. വരും ദിവസങ്ങളില്‍ എണ്ണം കൂടാനുള്ള സാധ്യത നിലനിൽക്കുമ്പോഴാണ് കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. കേരളത്തിന്റെ നിലവിലെ അവസ്ഥയിൽ എങ്ങനെ തെരഞ്ഞെടുപ്പ് നടത്തും എന്നതാന് ഉത്തരം കിട്ടാത്ത ചോദ്യമായി ഉയരുന്നത്.