പത്തനംതിട്ടയില്‍ വീണ്ടും മത്സരിക്കുമെന്ന സൂചനയുമായി സുരേന്ദ്രന്‍

പത്തനംതിട്ടയില്‍ ഇക്കുറിയും മത്സരത്തിനെത്തുമെന്ന സൂചന നല്‍കി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജില്ലയില്‍ അഞ്ച് മണ്ഡലങ്ങളിലും വിജയ സാധ്യത കാണുന്നതിനാല്‍ ഇവിടങ്ങളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെയാവും അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മാസം ഇരുപതിന് ആരംഭിക്കുന്ന സംസ്ഥാന ജാഥ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുമെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പത്തനംതിട്ടയില്‍ ഇരു മുന്നണികള്‍ക്കുമെതിരെ ശക്തമായ മത്സരം കാഴ്ചവെച്ച ബി.ജെ.പി ഇക്കുറി പല മണ്ഡലങ്ങളിലും വിജയം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. ജില്ലയിലെ എ ക്ലാസ് മണ്ഡലങ്ങളായി കരുതുന്ന കോന്നി, ആറന്മുള, അടൂര്‍ മണ്ഡലങ്ങള്‍ക്ക് പുറമെ മറ്റ് രണ്ടിടങ്ങളിലും ശക്തരായ സ്ഥാനാര്‍ത്ഥികളെയാവും അവതരിപ്പിക്കുകയെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.
കോന്നിയിലെ തന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളാതിരുന്ന സുരേന്ദ്രന്‍ കേന്ദ്ര നിലപാടറിഞ്ഞ ശേഷമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും വ്യക്തമാക്കി. എക്കാലവും പ്രാധാന്യം അര്‍ഹിക്കുന്ന ശബരിമല വിഷയത്തില്‍ സി.പി.എമ്മിന്റെ നടപടികള്‍ കൃത്യമായി ഓര്‍മ്മിക്കപ്പെടും. ഗ്യാലറിയില്‍ ഇരുന്ന് കളി കണ്ട കോണ്‍ഗ്രസാണ് ശബരിമല വിഷയത്തില്‍ ഏറ്റവും വലിയ ഇരട്ടത്താപ്പ് കാണിച്ചതെന്നും വിശ്വാസികള്‍ക്ക് വേണ്ടി ഒരക്ഷരം മിണ്ടാതിരുന്ന ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ ഏറ്റവും വലിയ ചതിയാണ് കാണിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.