എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ സെല്ല് യോഗം ചേര്‍ന്ന് 8 മാസം കഴിഞ്ഞു. യോഗം നടക്കാതായതോടെ നിരവധി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അപേക്ഷയാണ് കെട്ടിക്കിടക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സെല്ല് പുനസംഘടിപ്പിടിപ്പിച്ചിട്ടില്ല.
എന്‍ഡോസല്‍ഫാന്‍ സെല്ലിന്‍റെ അധ്യക്ഷനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെ നിയമിക്കാന്‍ സിപിഎം നീക്കം നടത്തുന്നുണ്ടെന്നാണ് ആരോപണം. എന്‍ഡോസള്‍ഫാന്‍ സെല്ലിനെ പറ്റി ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും വ്യക്തമായ മറുപടി ഇല്ല.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സായി ട്രസ്റ്റ് വീട് നിര്‍മ്മിക്കുകയും അതിനായി സര്‍ക്കാര്‍ ഭൂമി അനുവദിച്ചുകൊടുക്കുമെന്നും ധാരണയിലെത്തിയിരുന്നു. അതിനെത്തുടര്‍ന്ന് 60 വീടുകള്‍ പണി പൂര്‍ത്തിയാക്കി കൈമാറാന്‍ തയാറായിരിക്കുകയാണ്. അതിനായി അപേക്ഷ നല്‍കിയിട്ടുള്ളത് ഈ സെല്ലിലാണ്. അവര്‍ യോഗം ചേര്‍ന്ന് അര്‍ഹരായവരുടെ മുന്‍ഗണന ക്രമം നിശ്ചയിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ സായ് ട്രസ്റ്റിന്‍റെ വീടുകള്‍ ദുരിതബാധിതര്‍ക്ക് ലഭിക്കുകയുള്ളു. ഈ സെല്ലിന്‍റെ യോഗമാണ് എട്ട് മാസമായി ചേരാതെയിരിക്കുന്നത്.