ട്രാഫിക് നിയമലംഘനം; പലതവണകളായി പിഴ ഈടാക്കി, ബൈക്ക് കത്തിച്ച് യുവാവിന്റെ പ്രതിഷേധം
ഹൈദരാബാദ്: ട്രാഫിക് നിയമ ലംഘനത്തിന് പലതവണകളായി പോലീസ് പിഴ ഈടാക്കിയതില്‍ പ്രതിഷേധിച്ച് ബൈക്ക് കത്തിച്ച് യുവാവ്. പല തവണകളായി പൊലീസ് 4800 രൂപ പിഴ ഈടാക്കിയതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ ബൈക്ക് കത്തിച്ചത്. 12 തവണയാണ് യുവാവിന് പിഴ അടയ്ക്കാന്‍ ലഭിച്ചത്. തെലങ്കാനയിലെ വികരാബാദ് ജില്ലയിലാണ് സംഭവം. ക്വാറി തൊഴിലാളിയായ തളരി സങ്കപ്പയ്‌ക്കെതിരെയാണ് ഗതാഗത നിയമ ലംഘനത്തിന് തുടര്‍ച്ചയായി പൊലീസ് പിഴ ഈടാക്കിയത്.
പലതവണ പൊലീസ് പരിശോധനയില്‍ പിടിയിലായപ്പോഴാണ് സങ്കപ്പക്ക് ഇത്രയധികം തുക പിഴയായി വന്നത്. ഇതില്‍ പലതും അടച്ചിരുന്നില്ല. 2019 ഓഗസ്റ്റിലെ ഫൈനാണ് അടക്കാനുള്ള ഏറ്റവും പഴയത്. ഏറ്റവും അവസാനമായി ഫൈന്‍ ലഭിച്ചത് ജൂലൈ 11നും. ലോക്ക്ഡൗണ്‍ ചട്ടം ലംഘിച്ചു, ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ചു, അനുമതിയില്ലാത്തിടത്ത് പാര്‍ക്ക് ചെയ്തു, എന്നിങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്കാണ് യുവാവിന് പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസം പെഡ്ഡമുല്‍ ഗ്രാമത്തില്‍ നിന്ന് തന്തൂരിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ സങ്കപ്പയെ പൊലീസ് വീണ്ടും പിടികൂടുകയും ഇതുവരെ അടയ്ക്കാതിരുന്ന പിഴത്തുക മുഴുവനും അടയ്ക്കണമെന്നും അതിനു ശേഷമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്നും പറഞ്ഞു. ഇതോടെ സങ്കപ്പ ബൈക്കുമായി അതിവേഗത്തില്‍ രക്ഷപ്പെട്ടു.
ശേഷം ബൈക്ക് കര്‍ഷക സഹകരണ സംഘം ഓഫീസിന്റെ പിന്നില്‍ നിര്‍ത്തിയിട്ട ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. യുവാവ് മദ്യപിച്ചിരുന്നു എന്നും മദ്യ ലഹരിയിലായിരുന്ന യുവാവ് ബൈക്കിന് തീയിട്ടയാണെന്നും് പൊലീസ് പറഞ്ഞു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം പിന്തുടര്‍ന്നെത്തിയ പൊലീസ് എന്തിനാണ് ബൈക്ക് കത്തിച്ചതെന്ന് ചോദിച്ചപ്പോള്‍ നിരന്തരം പിഴ ഈടാക്കുന്നതിന്റെ ദേഷ്യത്തിലാണ്് താന്‍ ഇത് ചെയ്തതെന്ന് യുവാവ് മറുപടി പറയുകയും ചെയ്തു.
അതേസമയം കോവിഡ് വ്യാപന നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്്് പിഴ ചുമത്തിയ കേസുകള്‍ നിരവധിയാണ്. എന്നാല്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ലഭിച്ച അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന പൊലീസ് നടപടികളും അനുദിനം വര്‍ദ്ധിച്ചുവരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ കൃത്യമായി ജോലി ലഭിക്കാതെ ബുദ്ധിമുട്ടിലായ കൂലിപ്പണിക്കാരെ പോലും കനത്ത പിഴ അടപ്പിക്കുകയാണ് പൊലീസ്. പോലീസുകാര്‍ അമിത പിഴ ഈടാക്കുന്നതായുളള പരാതികളും ഉയര്‍ന്നു വന്നിരുന്നു.