ചാരപ്രവര്‍ത്തനം: ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍
ഭുജ്: ചാരപ്രവര്‍ത്തനം നടത്തിയതിന് ബിഎസ്എഫ് ജവാനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. ബിഎസ്എഫ് ഭുജ് ബറ്റാലിയനിലെ മുഹമ്മദ് സജാദാണ് അറസ്റ്റിലായത്. പാക്കിസ്ഥാനുവേണ്ടി രഹസ്യ വിവരങ്ങള്‍ വാട്‌സാപ്പ് വഴി ചോര്‍ത്തിക്കൊടുത്തതിനാണ് സജാദിനെ അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ സരോല ഗ്രാമത്തില്‍ നിന്നുള്ളയാളാണ് അറസ്റ്റിലായ മുഹമ്മദ് സജാദ്. 2021 ജൂലായില്‍ ഭുജിലെ 74 ബിഎസ്എഫ് ബറ്റാലിയനില്‍ ചാര്‍ജെടുത്തു.
ഭുജിലെ ബിഎസ്എഫ് ആസ്ഥാനത്തുവച്ചാണ് സജാദിനെ അറസ്റ്റ് ചെയ്തത്. 2012ലാണ് സജാദ് ബിഎസ്എഫില്‍ കോണ്‍സ്റ്റബിളായി ചേര്‍ന്നത്. കൈമാറിയിരുന്ന വിവരങ്ങള്‍ക്ക് സഹോദരന്‍ വാജിദിന്റെയും സുഹൃത്തായ ഇഖ്ബാലിന്റെയും അക്കൗണ്ടുകളിലേക്കാണ് പാകിസ്ഥാനില്‍ നിന്ന് പണം എത്തിയിരുന്നത്.
തെറ്റായ ജനനത്തീയതി നല്‍കി സജാദ് ബിഎസ്എഫിനെ തെറ്റിദ്ധരിപ്പിച്ചതായും എടിഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സജാദിന്റെ ആധാര്‍ കാര്‍ഡ് അനുസരിച്ച് 1992 ജനുവരി ഒന്നിനാണ് ജനനം. എന്നാല്‍ അയാളുടെ പാസ്പോര്‍ട്ട് വിശദാംശങ്ങളില്‍ ജനനത്തീയതി 1985 ജനുവരി 30 ആണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എടിഎസ് പറഞ്ഞു. സജാദിന്റെ പക്കല്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.