keralaLatest NewsNewsPolitics

‘എല്ലാവരും ക്ഷമിക്കണം. പരിപാടി റദ്ദാക്കുകയാണ്’; എംവിഡിയുടെ പരിപാടി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ച് ഇറങ്ങിപ്പോയി ഗണേഷ് കുമാര്‍

ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ നടപടിയെടുക്കും

തിരുവനന്തപുരം: മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി റദ്ദാക്കി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഇറങ്ങിപ്പോയി.വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത രീതിയും സദസ്സില്‍ ആളില്ലാത്തതുമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഔദ്യോഗിക വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങും ഇ പോസ് മെഷീനുകളുടെ വിതരണ ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വ്വഹിക്കേണ്ടിയിരുന്നത്. കനകക്കുന്ന് പാലസ് പരിസരത്തായിരുന്നു പരിപാടിക്കായി വേദിയൊരുക്കിയത്.

‘എല്ലാവരും ക്ഷമിക്കണം. പരിപാടി റദ്ദാക്കുകയാണ്. എല്ലാ വണ്ടിയും ഇവിടെ നിരത്തിയിടണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. ഖേദം പ്രകടിപ്പിക്കുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ നടപടിയെടുക്കും’, എന്ന് മൈക്കിലൂടെ അറിയിച്ചാണ് മന്ത്രിയുടെ ഇറങ്ങിപ്പോക്ക്. സംഘാടനം വളരെ മോശമാണെന്നും വകുപ്പില്‍ നിന്നുപോലും ആരെയും ക്ഷണിച്ചില്ലെന്നും വേദിവിട്ട ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘ഗതാഗത വകുപ്പിന്റേയും മോട്ടോര്‍ വാഹനവകുപ്പിന്റേയും പരിപാടിയായിരുന്നു. ആ പരിപാടിയില്‍ അവര്‍ പോലും പങ്കെടുത്തില്ല. ആകെ പങ്കെടുത്തത് പാര്‍ട്ടിയുടെ പ്രവര്‍ത്തകരും എന്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളവരും കെഎസ്ആര്‍ടിസിയിലെ ജീവനക്കാരും മാത്രമാണ്. 20 കസേര പോലും അവര്‍ ഇട്ടില്ല. വന്ന ഉദ്യോഗസ്ഥര്‍ പോലും എസി ഇട്ടിട്ട് വണ്ടിയുടെ അകത്ത് ഇരുന്നു. അത് നല്ല നടപടി അല്ല. മന്ത്രിയും എംഎല്‍എയും പങ്കെടുക്കുന്ന പരിപാടി നടക്കുമ്പോള്‍ ഇവര്‍ കാറിനുള്ളില്‍ എസി ഇട്ട് ഇരിക്കുന്നു. അതുകൊണ്ടാണ് പരിപാടി റദ്ദാക്കിയത്.
ഉദ്യോഗസ്ഥരുടേത് ധിക്കാരപരമായ നടപടിയാണ്.. പ്രൊട്ടോക്കോളും മര്യാദയും പാലിച്ചില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കും’ എന്നും ഗണേഷ് കുമാര്‍ ആവര്‍ത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button