നയതന്ത്ര ബന്ധങ്ങളിൽ മതപരമായൊരു നയതന്ത്രം ഇല്ല, എല്ലാം ചട്ട വിരുദ്ധം,വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി അനുമതിവാങ്ങാതെ.

വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി മുൻകൂട്ടിയോ,അതിനു ശേഷം സ്വർണ്ണക്കടത്ത് സംഭവത്തിൽ പ്രതികൾ അറസ്റ്റിലായി കേസന്വേഷണം ലൈഫ് മിഷനിൽ എത്തുന്നത് വരെയോ സർക്കാർ വാങ്ങിയില്ല. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണപത്രം ഒപ്പിടുന്നതിന് മുൻപ് നിലവിലുള്ള നിയമങ്ങൾ പ്രകാരം സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ മുൻകൂട്ടി അനുമതി വാങ്ങേണ്ടതായിരുന്നു. സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം തന്നെയാണ് വെളിപ്പെടുത്തൽ നടത്തിരിക്കുന്നത്. ഏതെങ്കിലും രാജ്യവുമായോ ഏജൻസികളുമായോ ഇത്തരം കരാറുകൾ ഒപ്പിടുന്നതിന് മുൻപ് കേന്ദ്ര അനുമതി ആവശ്യമാണ്. വിദേശ പണ വിനിയോഗവുമായി ബന്ധപ്പെട്ട ഏതുതരം പദ്ധതികൾക്കും ഇത് ആവശ്യമാണ്. റെഡ് ക്രസൻറിന് ഇന്ത്യയിൽ പ്രവർത്തിക്കുന്നതിന് അനുമതിയില്ലെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. റെഡ് ക്രസന്റുമായി സർക്കാർ ഉണ്ടാക്കിയ ധാരണ പത്രം നിയമ വിരുദ്ധവും, ചട്ടങ്ങളുടെ ലംഘനവുമാണ്. കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ഖുർആൻ ഇറക്കുമതി ചെയ്തത് നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി കരുതാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നയതന്ത്ര ബന്ധങ്ങളിൽ മതപരമായൊരു നയതന്ത്രം ഇല്ല. ചട്ട ലംഘനങ്ങൾ മാത്രമാണ് ഇതിലെല്ലാം നടന്നിട്ടുള്ളത്.
പ്രളയ ദുരിതാശ്വാസവുമായി യു എ ഇ സഹായം പ്രഖ്യാപിച്ചപ്പോൾ പോലും കേന്ദ്രം അത് നിഷേധിച്ചിരുന്നതാണ്. മുൻസർക്കാരുകളുടെ കീഴ്വഴക്കം പാലിക്കുകയായിരുന്നു അത്. റെഡ്ക്രെസന്റ്മായി ബന്ധപ്പെട്ട ധാരണ പത്രവും, തുടർന്ന് പദ്ധതിയുമായി ബന്ധപെട്ടു സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പദ്ധതി നടപ്പിലാക്കുവാൻ സർക്കാർ ശ്രമിക്കുകയായിരുന്നു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ് ക്രസൻറിന്റെ സഹായം സ്വീകരിച്ചത് കേന്ദ്ര സർക്കാറിന്റെ അനുമതിയോടെയല്ലെന്ന് ചീഫ്സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഈ സാഹചര്യത്തിൽ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി) കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെയാണ് ലൈഫ് മിഷന് പദ്ധതിക്ക് സഹായം സ്വീകരിച്ചത്. സംസ്ഥാന സർക്കാർ നേരിട്ട് സാമ്പത്തിക സഹായം കൈപ്പറ്റാത്ത പദ്ധതിയായതിനാൽ അനുമതി ആവശ്യമില്ലെന്നാണ് ചീഫ്സെക്രട്ടറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. 2019 ജൂലൈ 11ന് ലൈഫ്മിഷൻ സി.ഇ.ഒ റെഡ് ക്രസൻറുമായി ധാരണപത്രം ഒപ്പിട്ട യോഗത്തിന് മിനിട്സ് ഉണ്ടായിരുന്നില്ലെന്നും ഇ.ഡിക്ക് നല്കിയ മറുപടിയിൽ പറയുന്നുണ്ട്. അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനുൾപ്പെടെ നിർമാണ കമ്പനിയായ യൂനിടാക് നാലേകാല്‍ കോടി കമ്മീഷൻ നല്‍കിയെന്ന് ഇ.ഡിക്ക് മൊഴി ലഭിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയിൽ നിന്ന് വിശദീകരണം തേടിയപ്പോഴാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
പദ്ധതിക്കായി കേന്ദ്ര അനുമതി ചോദിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്റ് സമിതിയിൽ മന്ത്രാലയ സെക്രട്ടറി വികാസ് സ്വരൂപാണ് കഴിഞ്ഞ ദിവസം വിശദീകരണം നടത്തിയത്. സമിതിയിലെ കേരളത്തിൽനിന്നുള്ള അംഗങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു വികാസ് സ്വരൂപ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട സജീവ ചർച്ചയാണ് സഭാ സമിതിയിൽ ഉണ്ടായത്. നയതന്ത്ര ബാഗേജ് കസ്റ്റംസിന്റെ കൈയിൽനിന്ന് വിട്ടുകൊടുക്കുന്നതിന് സംസ്ഥാന പ്രോട്ടോകോൾ ഓഫിസിന്റെ അനുമതി തേടണമെന്നും, അല്ലാതെ ബാഗേജ് വിട്ടുകൊടുക്കാൻ പറ്റില്ലെന്നും കസ്റ്റംസ് അറിയിച്ചിരുന്നു. വിഷയത്തിൽ വിശദമായ അന്വേഷണമാണ് നടക്കുന്നതെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പാർലമെന്റ് സമിതിയെ അറിയിച്ചത്.
ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ചു വ്യക്തമായ മറുപടി അന്വേഷണ ഏജൻസികൾ നൽകിയില്ല. കുറ്റക്കാരെന്നു കാണുന്ന നയതന്ത്ര കാര്യാലയ ജീവനക്കാരെ ഇന്ത്യയിലേക്ക് വിട്ടുകിട്ടാൻ ചട്ടം അനുവദിക്കുന്നില്ലെന്നും, എന്നാൽ, യു.എ.ഇയിൽ വിചാരണ നടക്കുമെന്നും യോഗത്തിൽ അന്വേഷണ ഏജൻസികൾ അറിയിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വികാസ് സ്വരൂപിനു പുറമെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഡയറക്ടർ സഞ്ജയ് മിശ്ര, കസ്റ്റംസ് ജോയൻറ് സെക്രട്ടറി സഹേലി ഘോഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. സഭാസമിതിയിലെ മലയാളി എം.പിമാരായ എൻ.കെ പ്രേമചന്ദ്രൻ, അൽഫോൻസ് കണ്ണന്താനം എന്നിവരും പങ്കെടുത്തു. അന്വേഷണ ഏജൻസിയായ എൻ.ഐ.എയുടെ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല.
ലൈഫ് മിഷന് പദ്ധതിക്ക് വേണ്ടി യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റുമായി കരാര്‍ ഒപ്പിടുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയും, കഴിഞ്ഞ ദിവസം സമ്മതിക്കുകയുണ്ടായി. കേന്ദ്രമന്ത്രിയുടെ പ്രതികരണം വാര്‍ത്താസമ്മേളനത്തില്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി ഉണ്ടായത്. ഇതുവരെ അനുമതി തേടിയിട്ടില്ല. അനുമതി വേണമെങ്കില്‍ ഇനിയും തേടാമല്ലോയെന്ന്, നിസ്സാരകാര്യമെന്നോണമാണ് മുഖ്യമന്ത്രിയുടെ മറുപടി ഉണ്ടായത്.
വിദേശ സന്നദ്ധ സംഘടനയായ റെഡ് ക്രെസന്റുമായി കരാര്‍ ഒപ്പിടുന്നതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്ന നിലപാടാണ് സംസ്ഥാന മുഖ്യമന്ത്രിക്കുള്ളത്. വിദേശ രാജ്യത്തെ സര്‍ക്കാരുമായോ പ്രാദേശിക സര്‍ക്കാരുമായോ കരാര്‍ ഒപ്പിടുന്നതിന് പ്രത്യേക അനുമതി വേണ്ടിവരും. എന്നാല്‍ ഇതിന് പ്രത്യേക അനുമതി വേണ്ടെന്നാണ് മനസിലാക്കിയിട്ടുള്ളത്, എന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യം, പലതും പറഞ്ഞു മാറ്റിപറയാറുള്ള ഉപദേശകർ പറഞ്ഞതാണോ, നിയമജ്ഞർ പറഞ്ഞതാണോ എന്നുപോലും വ്യക്തമാക്കിയില്ല.
ഇത്തരത്തിലുള്ള ഒരുകാര്യം ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്രത്തെ അറിയിക്കേണ്ടതുണ്ട്. അതിനപ്പുറം ഒരു അനുമതിയുടെയും ആവശ്യമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, സര്‍ക്കാരാണ് റെഡ് ക്രെസന്റുമായി ധാരണാപത്രം ഒപ്പുവച്ചത് എന്നത് വീണ്ടും ആവർത്തിക്കുകയും ചെയ്തിരിക്കുകയാണ്. സര്‍ക്കാര്‍ വിട്ടുനല്‍കുന്ന സ്ഥലത്ത് അവര്‍ ഭവന സമുച്ചയം പണിയുമെന്നും, അവര്‍ പ്രത്യേക ഏജന്‍സിയെ നിശ്ചയിച്ച് അവരുമായി കരാര്‍ ഉണ്ടാക്കി അപ്രകാരം പണം ചെലവഴിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേകം റോളില്ല എന്നുമൊക്കെയാണ് മുഖ്യമന്ത്രി പറഞ്ഞത്. ലൈഫ് മിഷനിലെ കമ്മിഷനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ളതാണ്. കൃത്യമായ വിവരം കിട്ടിയാലെ അന്വേഷണം നടത്താനാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.