കൃത്യം മൂന്ന് മണിക്കൂര്‍ 11 മിനിറ്റ് പിന്നിട്ടപ്പോൾ അനുജിത്തിന്റെ ഹൃദയം സണ്ണിതോമസില്‍ തുടിച്ചു തുടങ്ങി.

കൃത്യം മൂന്ന് മണിക്കൂര്‍ 11 മിനിറ്റ് പിന്നിട്ടപ്പോൾ അനുജിത്തിന്റെ ഹൃദയം സണ്ണിതോമസില്‍ തുടിച്ചു തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് സര്‍ക്കാരിന്റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തിച്ച കൊട്ടാരക്കര സ്വദേശി അനുജിത്തിന്റെ (27) ഹൃദയം മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ്‌ക്കൊടുവിൽ തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസില്‍ (55) സ്പന്ദിച്ചു തുടങ്ങി. എറണാകുളം ലിസി ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്.
അനുജിത്തിന്റെ ശരീരത്തില്‍ നിന്ന് ഹൃദയം വേര്‍പ്പെടുത്തി മൂന്ന് മണിക്കൂര്‍ കൃത്യം 11 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഉപകരണങ്ങളുടെ സഹായത്തോടെ സണ്ണിതോമസില്‍ ഹൃദയമിടിച്ചു തുടങ്ങുകയായിരുന്നു. 12 വര്‍ഷമായി ഹൃദയ തകരാറിനെ തുടര്‍ന്ന് ചികിത്സയിലാണ് സണ്ണി തോമസ്. ഹൃദയഭിത്തിയിലെ മസിലുകള്‍ക്ക് തകാരാറ് സംഭവിക്കുന്ന ഡയലേറ്റഡ് കാര്‍ഡിയോ മിയോപതി എന്ന രോഗാവസ്ഥയിലായിരുന്ന ഇദ്ദേഹത്തിന്റെ ഹൃദയം 15 ശതമാനം മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ എട്ടുമാസമായി എറണാകുളം ലിസി ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ ചികിത്സയിലാണ്. ഹൃദയം മാറ്റിവയ്ക്കാനായി മൃതസഞ്ജീവിനിയില്‍ രജിസ്റ്റര്‍ ചെയ്ത് അനുയോജ്യമായ ഹൃദയത്തിനായി കാത്തിരിക്കുകയായിരുന്നു.
വാഹനാപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച അനുജിത്തിനെയും സണ്ണി തോമസിനെയും റിയല്‍ ടൈം പിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചതിനുശേഷമാണ് ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി രാജീവിന്റെയും എം സ്വരാജ് എംഎല്‍എയുടെയും ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഹെലിക്കോപ്റ്ററില്‍ അവയവങ്ങളെത്തിക്കാനുള്ള സാഹചര്യമൊരുങ്ങുന്നത്.
കേരളത്തില്‍ എയര്‍ ആംബുലന്‍സിന്റെ മൂന്നാമത്തെയും സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലിക്കോപ്റ്ററിന്റെ രണ്ടാമത്തെയും അവയവദാന ദൗത്യമാണ് ചൊവ്വാഴ്ച നടന്നത്. അനുജിത്തിന്റെ ഹൃദയം, ചെറുകുടല്‍, കൈകള്‍ എന്നീ അവയവങ്ങളാണ് കൊച്ചിയിലെത്തിച്ചത്. തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് 1.54ന് തിരിച്ച ഹെലിക്കോപ്റ്റര്‍ 2.44ന് കൊച്ചി ഗ്രാന്‍ഡ് ഹയാത്തിന്റെ ഹെലിപാഡിലെത്തി. അവയവങ്ങള്‍ ഒരു മിനിറ്റിനുള്ളില്‍ ആംബുലന്‍സുകളിലേക്ക് മാറ്റുകയായിരുന്നു പിന്നെ. അവിടെ നിന്ന് നാല് മിനിറ്റില്‍ നാല് കിലോമീറ്റര്‍ താണ്ടി ലിസി ആശുപത്രിയില്‍ ഹൃദയമെത്തിച്ചു. ഉടനടി ശസ്ത്രക്രിയയും തുടങ്ങി. ആംബുലന്‍സിന് ഹയാത്തില്‍ നിന്ന് ലിസി ആശുപത്രിയിലേക്കെത്താനുള്ള റോഡ് കൊച്ചി സിറ്റി പൊലീസ് ഗ്രീന്‍ കോറിഡോറാക്കി മാറ്റി കൊടുത്തു. പൊലീസ് മറ്റ് വാഹനങ്ങളെ നിയന്ത്രിച്ച് മുന്നോട്ടുപോകാന്‍ സൗകര്യമൊരുക്കിയതോടെ ആംബുലന്‍സ് മിനിറ്റുകള്‍ക്കുള്ളില്‍ ആശുപത്രിയിലെത്തു കയായിരുന്നു.