EducationKerala NewsLatest News

ഉത്തരക്കടലാസ് കാണാതായ സംഭവം; ഗവര്‍ണര്‍ക്ക് പരാതി നല്‍കി വിദ്യാര്‍ഥികള്‍

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. സംഭവത്തില്‍ സംസ്‌കൃത സാഹിത്യ വിഭാഗം മേധാവിക്ക് എതിരെ നടപടി എടുക്കണമെന്ന ആവശ്യമാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. 62 വിദ്യാര്‍ത്ഥികളാണ് പരാതി നല്‍കിയത്. എന്നാല്‍ സംഭവത്തില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട അധ്യാപകന്‍ ഡോ. സംഗമേശന്‍ പറഞ്ഞു. പരീക്ഷ ചെയര്‍മാനായി നിയോഗിച്ചുള്ള ഉത്തരവ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് സംസ്‌കൃത സാഹിത്യ വിഭാഗം അധ്യാപകനായ സംഗമേശന്‍ വിശദീകരണ കുറിപ്പില്‍ പറഞ്ഞത്.

വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് സംഗമേശനെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉപസമിതി തീരുമാനിച്ചത്. പരീക്ഷ ചെയര്‍മാനായി നിയോഗിച്ചുള്ള ഉത്തരവ് തനിക്ക് ലഭിച്ചിട്ടില്ല. പരീക്ഷ വിഭാഗത്തില്‍ നിന്നും ഉത്തരക്കടലാസുകള്‍ നേരിട്ട് ഏറ്റുവാങ്ങിയിട്ടില്ല. വകുപ്പ് മേധാവിയാണ് നടപടികള്‍ സ്വീകരിച്ചത്. ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്. മൂന്ന് തവണ മൂല്യനിര്‍ണ്ണയം നടത്തിയ പേപ്പര്‍ കെട്ടുകള്‍ വകുപ്പ് അധ്യക്ഷയെ ഏല്‍പ്പിച്ചിരുന്നു.

സാഹിത്യവിഭാഗത്തിന് പുറത്തേക്ക് ഗ്രേഡ്ഷീറ്റുകളോ പേപ്പര്‍കെട്ടുകളോ കൊണ്ടുപോയിട്ടില്ല. വസുതുതകള്‍ ബോധ്യപ്പെടുന്നതിന് ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം. ഗ്രേഡ്ഷീറ്റുകളും പേപ്പര്‍ കെട്ടുകളും പരീക്ഷ വിഭാഗത്തില്‍ തന്നെ ഉണ്ടാകുമെന്നും എവിടെയാണ് വെച്ചതെന്ന് ജീവനക്കാര്‍ക്ക് ഓര്‍മയില്ലാത്തതാകാം. നുണ പരിശോധനയടക്കമുള്ള ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ തയ്യാറാണെന്നും ഡോ. സംഗമേശന്‍ കുറിപ്പില്‍ പറയുന്നു.

കൊവിഡ് സാഹചര്യത്തില്‍ രണ്ട് തവണകളായുള്ള കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് പകരം ഇപ്പ്രാവശ്യം അദ്ധ്യാപകരുടെ വീടുകളിലായിരുന്നു ഉത്തര കടലാസുകളുടെ പരിശോധന നടന്നത്. മാര്‍ക്ക് രേഖപ്പെടുത്താനുള്ള നടപടികളിലേക്ക് കഴിഞ്ഞ ദിവസം കടന്നപ്പോഴാണ് പരീക്ഷ പേപ്പര്‍ കാണാതായ സംഭവം അറിയുന്നത്. സംസ്‌കൃതം സാഹിത്യം വിഭാഗം മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ 276 ഉത്തരപേപ്പറുകളാണ് കാണാതായത്. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു പരീക്ഷ നടത്തിയത്. ഉത്തരപേപ്പര്‍ കൈമാറുന്നത് സംബന്ധിച്ച് ഔദ്യോഗിക രേഖകളില്ലാത്തതും മറ്റൊരു വീഴ്ചയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button