കൊറോണ ചികിത്സയ്ക്ക് അമിത ഫീസ്; തിങ്കളാഴ്ചയ്ക്കകം തീരുമാനം വേണം; അസാധാരണ സ്ഥിതി വിശേഷത്തിൽ അസാധാരണ നടപടികൾ സ്വീകരിക്കേണ്ടിവരും: ഹൈക്കോടതി
കൊച്ചി: കൊറോണ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ അമിത ഫീസ് ഇടാക്കുന്ന വിഷയത്തിൽ തിങ്കളാഴ്ചയ്ക്കുളളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. തിങ്കളാഴ്ച ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. അല്ലാത്ത പക്ഷം അസാധാരണ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
ഭീമമായ തുക ഈടാക്കിയതിനു തെളിവായി ബില്ലുകൾ ഉയർത്തിക്കാട്ടിയായിരുന്നു കോടതിയുടെ പരാമർശം. ഇത് അസാധാരണ സ്ഥിതി വിശേഷം ആണ്. അതിനാൽ അസാധാരണ നടപടികൾ സ്വീകരിക്കേണ്ടിവരും. നിലവിലെ സർക്കാർ നടപടികൾ തൃപ്തികരമാണെന്നും, ആശുപത്രികളുടെ മേൽനോട്ടത്തിന് സെക്ടറൽ മജിസ്ട്രേറ്റ് മാരെ നിയോഗിക്കുന്നത് പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.
ബെഡുകളുടെ ഒഴിവും, ഓക്സിജൻ ലഭ്യതയുമടങ്ങിയ വിവരങ്ങൾ സാധാരണക്കാർ അറിയുന്നില്ല. അതിനാൽ ടോൾ ഫ്രീ നമ്പർ വഴി ഇക്കാര്യങ്ങൾ ഏകോപിക്കുന്ന കാര്യം പരിഗണിക്കണം. പൂട്ടിക്കിടക്കുന്ന ആശുപത്രികൾ ഏറ്റെടുക്കണം. എല്ലാ ആശുപത്രികളിലെയും 50% ബെഡുകൾ ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കണം .
സ്വകാര്യ ആശുപത്രികളുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ അറിയിക്കണം. ലാബ് പരിശോധനകളും സർക്കാർ നിർദേശിച്ച നിരക്കുകളിൽ ആക്കണം. പിപിഇ കിറ്റ് പോലുള്ള കൊറോണ അവശ്യ സാധനങ്ങൾക്കുള്ള അമിത നിരക്ക് പാടില്ലെന്നും കോടതി നിർദ്ദശിച്ചു.
ചികിത്സ നിരക്ക് സംബന്ധിച്ച് സ്വകാര്യ ആശുപത്രികളുമായി നടത്തിയ ആദ്യവട്ട ചർച്ചയിൽ തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് തിങ്കളാഴ്ചയ്ക്കുള്ളിൽ തീരുമാനം വേണമെന്ന് കോടതി നിർദ്ദേശിച്ചത്.
ആശുപത്രികളിലെ നിരക്ക് ഏകീകരിക്കാൻ നപടി സ്വീകരിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. നോൺ എംപാനൽ ആശുപത്രികളിലെ ബെഡ് വിഹിതം സംബന്ധിച്ചും കോടതി വിശദീകരണം ആവശ്യപ്പെട്ടു. 50 ശതമാനം ബെഡുകൾ മാറ്റിവച്ചതായി സർക്കാർ ഇതിന് മറുപടി നൽകി.
കൊറോണ ചികിത്സ നിരക്ക് ഏകീകരിക്കണമെന്ന ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്. ജസ്റ്റീസ് രാമചന്ദ്രനാണ് വിഷയത്തിൽ പ്രത്യേക സിറ്റിംഗ് നടത്തിയത്. രണ്ട് ദിവസത്തേക്ക് ഒരു സ്വകാര്യ ആശുപത്രി 45000 രൂപയിൽ കൂടുതൽ ഈടാക്കിയിരുന്നു.