കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച 10,850 ലിറ്റര്‍ സ്പിരിറ്റ് സേലത്ത് നിന്ന് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍
പാലക്കാട് :കേരളത്തിലേക്ക് കടത്താനായി 310 കന്നാസ്സൂകളിലായി സൂക്ഷിച്ച 10,850 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. കേരള, പാലക്കാട് എക്സ്സൈസ് ഇന്റലിജന്‍സ്, കേരള ഇന്റലിജന്‍സ് ബ്യുറോയുടെ നേതൃത്വത്തില്‍ സേലം വാള്‍പാടി പൊലീസിന്റെ സഹായത്തോടെ ഇന്ന് പുലര്‍ച്ചെയായിരുന്നു പരിശോധന നടത്തിയത്. രണ്ട് പേരെ അറസ്റ്റ് ചെയ്തു.
പുലര്‍ച്ചെ 12.30 നാണ് സേലം ശ്രീനായ്ക്കതൊടിയിലുള്ള ഗോഡൗണില്‍ നിന്നും വന്‍ സ്പിരിറ്റ് ശേഖരം പിടിച്ചെടുത്തത്. പാലക്കാട് എക്സ്സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രി സേലത്തെത്തി, ഗോഡൗണ്‍ കണ്ടെത്തി തമിഴ്നാട് വാല്‍പ്പാടി പൊലീസിന്റെ സഹായത്തോടെയാണ് സ്പിരിറ്റ് ശേഖരം പിടിച്ചത്.
തിരുവനന്തപുരം കളയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരസന്‍ എന്നിവരാണ് പിടിയിലായത്. മറ്റുള്ളവര്‍ ഓടി രക്ഷപെട്ടു. തിരുവനന്തപുരം സ്വദേശി ദീപുവിന് വേണ്ടി സുക്ഷിച്ച സ്പിരിറ്റ്‌തായിരുന്നു. ഇന്നോ നാളെയോ കേരളത്തിലേക്ക് കടത്താനായിരുന്നു പരിപാടി.
പാലക്കാട് അണക്കപ്പാറ സ്പിരിറ്റ് കേസിന്റെ തുടര്‍ച്ചയായുള്ള എക്സ്സൈസ് ഇന്റലിജന്‍സിന്റെ അന്വേഷണമാണ് സേലത്തെ സ്പിരിറ്റ് വേട്ട. കേസില്‍ തുടരന്വേഷണം കേരള എക്സ്സൈസും തമിഴ് നാട് പോലീസും തുടരും.