സിഎഫ് തോമസ് എംഎൽഎ അന്തരിച്ചു.

കോട്ടയം: കേരളാ കോൺഗ്രസ് നേതാവും ചങ്ങനാശേരി എംഎൽഎയുമായ സിഎഫ് തോമസ് അന്തരിച്ചു. 81 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. 2001-2006 കാലത്ത് യുഡിഎഫ് മന്ത്രിസഭാഅംഗമായിരുന്നു. കേരളാ കോൺഗ്രസിലെ മുതിർന്ന നേതാക്കളിലൊരാളാണ് സിഎഫ് തോമസ്. ഒൻപത് തവണയാണ് അദ്ദേഹം ചങ്ങനാശേരി മണ്ഡലത്തിൽ നിന്ന് നിയമസഭയിൽ എത്തിയത്.
ചങ്ങനാശ്ശേരിയുടെ ‘ബേബി സർ’ ഇനി ഓർമ്മയായി. അന്തരിച്ച മുന്‍ മന്ത്രിയും എം.എല്‍.എയുമായ സി.എഫ്. തോമസിന്റെ ഭൗതികശരീരം ചങ്ങനാശേരിയിലെ വീട്ടില്‍ എത്തിച്ചപ്പോൾ. മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും വേണ്ടി കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ആദരാഞ്ജലികൾ അർപ്പിക്കുന്നു. പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും സൗമ്യതയും എളിമയും വിനയവും വിട്ട് പെരുമാറാത്ത കേരള രാഷ്ട്രീയത്തിലെ തന്നെ വേറിട്ട മുഖത്തെയാണ് സി എഫ് തോമസിൻ്റെ നിര്യാണത്തിലുടെ കേരളത്തിന് നഷ്ടമായിരിക്കുന്നത്.
കേരളാ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും, ചങ്ങനാശേരി എംഎൽഎയുമായ സിഎഫ് തോമസ് അന്തരിച്ചു. 81 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. 2001-2006 കാലത്ത് യുഡിഎഫ് മന്ത്രിസഭാഅംഗമായിരുന്നു. കേരളാ കോൺഗ്രസിലെ മുതിർന്ന നേതാക്കളിലൊരാളാണ് സിഎഫ് തോമസ്. ഒൻപത് തവണയാണ് അദ്ദേഹം ചങ്ങനാശേരി മണ്ഡലത്തിൽ നിന്ന് നിയമസഭയിൽ എത്തിയത്.
രാഷ്ട്രീയത്തിൻ്റെ നടപ്പു രീതികളെ പാടെ അവഗണിച്ച് പൊതുപ്രവർത്തനത്തിൽ തൻ്റെതായ പാത തുറന്ന വ്യക്തിത്വമായിരുന്നു സി എഫ് തോമസിൻ്റെത്. നടക്കാത്ത കാര്യങ്ങൾ നടക്കുമെന്ന് പറഞ്ഞ്, രാഷ്ട്രീയ വേദികളിലെ പ്രസംഗത്തെ തൻ്റെ അപദാനങ്ങളാക്കാനായിരുന്നില്ല സി എഫിന് ഇഷ്ടം. പകരം പ്രവർത്തികളിലൂടെ രാഷ്ട്രീയ എതിരാളികളെ പോലും നിഷ്പ്രഭമാക്കുന്നതായിരുന്നു സി എഫ് ൻ്റെ രീതി. സി എഫ് തോമസിൻ്റെ രീതിക്ക് ഉത്തമ ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്ന ഒരു കഥയുണ്ട്. 2001 ലാണ് സംഭവം. നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ അദ്ദേഹത്തിനെതിരെ ചങ്ങനശ്ശേരിയിൽ വ്യാപക പോസ്റ്ററുകൾ നിരന്നു.. അദ്ദേഹത്തിന്റെ ‘നിശബ്ദത’ ആയുധമാക്കി ചങ്ങനാശേരിക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു രാഷ്ട്രീയ എതിരാളികളുടെ പ്രചരണം.ചങ്ങനാശേരിയിൽ താൻ നടപ്പാക്കിയ 250 വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് സിഎഫ് പ്രതികരിച്ചത്. ഇതിൽ ഒന്നെങ്കിലും തെറ്റെന്നു തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്നു വെല്ലുവിളിച്ചു. നിശ്ശബ്ദരായിപ്പോയ എതിരാളികളെ സാക്ഷിനിർത്തി 13,041 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തോടെ സിഎഫ് വീണ്ടും നിയമസഭയിൽ എത്തി. ഈ ഒരൊറ്റ സംഭവം മതി ചങ്ങനാശ്ശേരിക്ക് ആരായിരുന്നു സി എഫ് തോമസ് എന്ന് മനസിലാക്കാൻ.. ഇങ്ങനെയൊക്കെയാണ് സി എഫ് തോമസ് ചങ്ങനാശ്ശേരിക്കാരുടെ പ്രിയപ്പെട്ട ബേബി സാർ ആയത്.
ചങ്ങനാശേരി ചെന്നിക്കര സി.ടി.ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 30നായിരുന്നു സി എഫ് തോമസിൻ്റെ ജനനം. എസ്ബി കോളജിൽനിന്ന് ബിരുദവും എൻഎസ്എസ് ട്രെയിനിങ് കോളജിൽ നിന്ന് ബിഎഡും നേടി. 1962ൽ ചമ്പക്കുളം സെന്റ് മേരീസ് സ്കൂളിലും തുടർന്ന് ചങ്ങനാശേരി എസ്ബി സ്കൂളിലും അധ്യാപക
നായി. 1980ൽ എംഎൽഎ ആകും വരെ 18 വർഷക്കാലം അധ്യാപകനായിരുന്നു.
വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയായിരുന്നു പൊതുരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. പി.ടി.ചാക്കോയിൽ ആകൃഷ്ടനായി 1956ൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. വിമോചനസമരത്തിൽ പങ്കെടുത്തു. 1964ൽ കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ ഒപ്പം ചേർന്നു. പാർട്ടിയുടെ ആദ്യത്തെ ചങ്ങനാശേരി നിയോജകമണ്ഡലം സെക്രട്ടറി. പാർട്ടിയുടെ രൂപീകരണം മുതൽ കെ.എം.മാണിയുടെ വിശ്വസ്തനായി ഒപ്പമുണ്ടായിരുന്നു. സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹത്തെ ഒൻപതു തവണയാണ് ചങ്ങനാശ്ശേരിക്കാർ നിയമസഭയിലെത്തിച്ചത്. 1980 മുതൽ 2016 വരെ മത്സരിച്ച എല്ലാ തിരഞ്ഞെടു
പ്പുകളിലും വിജയം. ആധുനിക ചങ്ങനാശേരിയുടെ മുഖ്യശിൽപി എന്ന വിശേഷണം മറ്റാർക്കും അവകാശപ്പെടാനാവില്ല. 2001ലെ എ.കെ.ആന്റണി മന്ത്രിസഭയിലും തുടർന്നുവന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും റജിസ്ട്രേഷൻ, ഗ്രാമവികസനം, ഖാദി വകുപ്പുകളുടെ മന്ത്രിയായി.
മന്ത്രിയായി സ്ഥാനമേറ്റപ്പോഴും തൻ്റെ രീതികളെ വിട്ടുമാറാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തിരുവനന്തപുരത്തേക്കു പോകാൻ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും കാത്തുനിൽക്കുന്ന എംഎൽഎയെ നാട്ടുകാർ എത്രയോ തവണ കണ്ടിട്ടുണ്ട്. പാർട്ടി ചെയർമാൻ സ്ഥാനത്തിരിക്കുമ്പോൾ അനുവദിച്ച് കിട്ടിയ അംബാസിഡർ കാർ നിർധനയായ ഒരു പെൺകുട്ടിയുടെ കല്യാണത്തിന് വിട്ടുകൊടുത്ത് ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു. വാഹനാ
പകടത്തിൽപ്പെട്ട യാത്രക്കാരനെ സ്റ്റേറ്റ് കാറിൽ ആശുപത്രിയിലാക്കിയ മന്ത്രിയെയും ചങ്ങനാശേരിക്കാർക്ക് അറിയാം.
കെ എം മാണിയുടെ ഏറ്റവും വിശ്വസ്തൻ കൂടിയായിരുന്നു സി എഫ്. കെ.എം.മാണിയുടെ മരണശേഷം പി.ജെ.ജോസഫിനൊപ്പം ചേർന്നു. നിലവിൽ കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാനാണ്. കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. മങ്കൊമ്പ് പരുവപ്പറമ്പിൽ കുടുംബാംഗമായ കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു എന്നിവർ മക്കളും ലീന, ബോബി, മനു എന്നിവർ മരുമക്കളുമാണ്.