ചൈനയിലെ കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക അതീവ ഗുരുതരാവസ്ഥയില്‍
ബീജിംഗ്: ചൈനയില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തക ജയിലില്‍ അതീവ ഗുരുതരാവസ്ഥയില്‍. ഷാങ് സാന്‍ എന്ന 38 കാരിയാണ് ജയിലില്‍ അപകടാവസ്ഥയിലുള്ളത്. കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ ചൈനയ്ക്ക് പറ്റിയ വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ 2020ലാണ് ചൈനീസ് അധികൃതര്‍ യുവതിയെ ജയിലിലടച്ചത്.
ഇതോടെ ജയിലില്‍ നിരാഹാര സമരം നടത്തിവരികയായിരുന്നു ഇവര്‍. ഇപ്പോള്‍ ഷാങ് സാനിന്റെ ആരോഗ്യം വളരെ മോശം നിലയിലാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മുന്‍ അഭിഭാഷകയായ ഇവര്‍ 2020 ഫെബ്രുവരിയിലാണ് വുഹാനിലെത്തുന്നത്. അന്ന് കോവിഡ് വ്യാപകമായി പടര്‍ന്ന് പിടിച്ച വുഹാനില്‍ അധികൃതര്‍ക്ക് പറ്റിയ വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതാണ്.
തന്റെ മൊബൈല്‍ ഫോണില്‍ ഇത് സംബന്ധിച്ചുള്ള വീഡിയോകള്‍ ഇവര്‍ പകര്‍ത്തി. എന്നാല്‍ 2020 മെയ് മാസത്തില്‍ ഇവരെ ചൈനീസ് പോലീസ് പിടികൂടി. ഡിസംബറില്‍ ഇവര്‍ക്ക് നാല് വര്‍ഷത്തേക്ക് തടവ് ശിക്ഷയും വിധിച്ചു. നിലവില്‍ ഇവരുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത് സഹോദരന്‍ ഷാങ് ജു ആണ്.
തന്റെ സഹോദരി ഇനി അധികകാലം ജീവനോടെയുണ്ടാവില്ലെന്നും ഇദ്ദേഹം പറയുന്നു. ഷാങിന്റെ സഹോദരന്റെ ട്വീറ്റിന് പിന്നാലെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇവരെ ജയില്‍ മോചിതയാക്കാന്‍ ആനംസ്റ്റി ഇന്റര്‍നാഷണല്‍ ചൈനീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.