രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
ജയ്പൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേട് രാജസ്ഥാന്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് പിളര്‍പ്പിലേക്ക്. അര്‍ഹമായ പരിഗണന ലഭിക്കാത്തതിനാല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ച് മൂന്ന് നേതാക്കള്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കി. അടുത്ത ദിവസങ്ങളില്‍ രാജസ്ഥാന്‍ മന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇതിനിടെയാണ് മന്ത്രിമാര്‍ സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുന്നത്. ഹരിഷ് ചൗധരി, രഘു ശര്‍മ, ഗോവിന്ദ് സിംഗ് ദോട്ടസാര എന്നിവരാണ് സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ച് സോണിയയ്ക്ക് കത്ത് നല്‍കിയത്. പദവി രാജിവച്ച് സംഘടന ചുമതലകള്‍ മാത്രം വഹിക്കാനാണ് താത്പര്യപ്പെടുന്നതെന്ന് കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു. നിലവില്‍ രാജസ്ഥാന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവാണ് ഹരീഷ് ചൗധരി. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് നേതൃത്വം ചുമതല നല്‍കിയത്.
ഇതിന് ശേഷം അദ്ദേഹം നടത്തിയ പ്രതികരണം മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. ഒരു വ്യക്തി ഒരു സ്ഥാനം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ ആശയങ്ങള്‍ ഒരു പോലെ നേതൃത്വത്തിലും പ്രവര്‍ത്തകരിലും എത്തിക്കുമെന്നും ചൗധരി പറഞ്ഞിരുന്നു. മന്ത്രിസഭ പുന:സംഘടനയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സോണിയാ ഗാന്ധിയെ കണ്ടിരുന്നു.
ഇതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റും സോണിയയെ കാണാനെത്തി. അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള തര്‍ക്കങ്ങള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ അടിവേരിളക്കുമെന്ന് ദേശീയനേതൃത്വത്തിന് ബോധ്യപ്പെട്ടതിനാലാണ് ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി രംഗത്തെത്തിയിരിക്കുന്നത്.