അതിതീവ്ര മഴ തുടരും, തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 50–60 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാൻ സാധ്യത.

അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ മുന്നിൽ കണ്ണുകൊണ്ട് ജാഗ്രത പുലർത്താൻ ആണ് നിർദേശം. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഞായറാഴ്ച റെഡ് അലർട്ട്. ഇവിടെ അതതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ടും, ആലപ്പുഴ, തൃശ്ശൂർ, കോട്ടയം, പാലക്കാട്, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 50–60 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ട്. അതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തമായതോടെയാണ് കേരളത്തിലും മഴ കനക്കുക. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ വടക്കേ ഇന്ത്യയിലും, മധ്യ ഇന്ത്യയിലും ശക്തമായ മഴ ഉണ്ടാകും. മറ്റന്നാൾ എറണാകുളം, കോഴിക്കോട്, വയനാട് തൃശൂർ, ഇടുക്കി കാസർഗോഡ്, ആലപ്പുഴ, ജില്ലകളിൽ യെല്ലോ അലർട്ടും, മലപ്പുറം കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പമ്പ മണിമല നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും, ഇതിനാൽ ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്നും പത്തനംതിട്ട കളക്ടർ അറിയിച്ചു. വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ പമ്പാ ഡാം തുറക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് കനത്ത മഴയുടെ സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടാകും. സുരക്ഷാ കണക്കിലെടുത്ത് ജനങ്ങൾ മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കേണ്ടതാണ്. പൊതുജനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ പൂർണമായി പാലിച്ച് സഹകരിക്കണം.