വ്യാജ സിം നിർമിച്ച് പണം തട്ടിപ്പ്: മൂന്ന് പേർ പിടിയിൽ: തട്ടിപ്പ് നടത്തുന്നത് ആദായനികുതി വകുപ്പിന്റേതെന്ന വ്യാജേന അയയ്ക്കുന്ന വ്യാജ ഇ മെയിൽ വഴി

തൃശ്ശൂർ: വ്യാജ സിം നിർമിച്ച് പണം തട്ടിപ്പ് കേസിൽ ഒരു സ്ത്രീ അടക്കം മൂന്ന് പേർ പിടിയിൽ. അറസ്റ്റിലായ മൂന്ന് പേരും മഹാരാഷ്ട്ര സ്വദേശികളാണ്. വ്യാജ സിം ഉപയോഗിച്ച് പ്രതികൾ വിവരം ചോർത്തി പണം തട്ടുകയാണ് ഇവരുടെ പതിവ്. അതിനായി ആദായനികുതി വകുപ്പിന്റേതെന്ന വ്യാജേന അയയ്ക്കുന്ന വ്യാജ ഇ മെയിൽ വഴിയാണ് ഇവർ ആളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നത്.
നൈജീരിയയിൽ നിന്നാണ് മെയിലുകളും സന്ദേശങ്ങളും വരുന്നത്. ആധാർ, പാൻ നമ്പറുകളാണ് ആവശ്യപ്പെടുക. ഇ മെയിലുകൾക്ക് മറുപടിയായി ആധാർ, പാൻ വിവരങ്ങൾ ഷെയർ ചെയ്യുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്.
ഇതോടെ മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘത്തിന് ഡ്യൂപ്ലിക്കേറ്റ് സിം സംഘടിപ്പിക്കുന്നതിനുള്ള വഴിയൊരുങ്ങുന്നു. മഹാരാഷ്ട്രയിൽനിന്ന് നെടുമ്പാശേരി വഴി കേരളത്തിൽ എത്തിയാണ് ഇവർ ഡ്യൂപ്ലിക്കേറ്റ് സിം സംഘടിപ്പിച്ചിരുന്നത്.
ഇവരുടെ നീക്കം നെടുമ്പാശ്ശേരി വിമാനത്താവളത്തിലടക്കം നിരീക്ഷിച്ചാണ് തട്ടിപ്പുസംഘത്തിലെ പ്രധാനിയായ നൂർജഹാനെ തൃശ്ശൂർ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ചന്ദ്രകാന്ത്, ആദിൽ എന്നീ രണ്ട് മഹാരാഷ്ട്ര സ്വദേശികളെക്കൂടി അറസ്റ്റ് ചെയ്തു.
തട്ടിപ്പിൽ പങ്കാളികളായ നൈജീരിയസ്വദേശികളുടെ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബർ പോലീസ്. തൃശ്ശൂർ സൈബർ സ്റ്റേഷൻ പരിധിയിൽ രണ്ടും എറണാകുളം സൈബർ സ്റ്റേഷൻ, തൃശ്ശൂർ റൂറൽ എന്നിവിടങ്ങളിൽ ഓരോ തട്ടിപ്പും ഇവർ നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
കൂടാതെ ഹൈദരാബാദിലും സമാനമായ തട്ടിപ്പിൽ ഇവർ പ്രതികളാണ്. മഹാരാഷ്ട്ര കൂടാതെ പശ്ചിമബംഗാൾ കേന്ദ്രീകരിച്ചും മറ്റൊരു ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശികളെ തൃശ്ശൂർ സൈബർ പോലീസ് വിശദമായി ചോദ്യംചെയ്തുവരുകയാണ്.