കോവിഡ് കാലത്തും റാങ്കിന്റെ പൊൻ തിളക്കവുമായ് ഷഹനാസ്.

ചിട്ടയായ പഠനത്തിലൂടെയും മികവുറ്റ അദ്ധ്യയനത്തിലൂടെയും ചെമ്പഴന്തി ശ്രീനാരായണ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിന് ഒന്നാം റാങ്കിന്റെ പൊൻ തിളക്കം. ഒപ്പം സർവ്വകലാശാല ചരിത്രത്തിലെ ഉയർന്ന വിജയശതമാനവും. 2017- 20 അക്കാദമിക വർഷത്തെ സർവ്വകലാശാലയുടെ ബിരുദ പരീക്ഷയിലാണ് ഷഹനാസ് എസ്. എൻ, കേരള സർവ്വകലാശാലയുടെ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്.
കൃത്യതയും ശാസ്ത്രീയമായ പഠന പ്രക്രിയയിലൂടെയും മികവുറ്റ പരിശീലനത്തിലൂടെയുമാണ് കോളജിനും പഠന വകുപ്പിനും സർവ്വകലാശാലയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗ്രേഡ് പോയന്റ് സ്വന്തമാക്കി മുന്നേറാനായത്. അദ്ധ്യാപകരുടെ അകമഴിഞ്ഞ സഹായത്തോടെയും ഒപ്പം, കോളജ് ലൈബ്രറിയിലെയും ഡിപ്പാർട്ട്മെന്റ് ലൈബ്രറിയിലേയും വൻ പുസ്കശേഖരവും സമകാലിക ജേർണലുകളും കൃത്യമായി ഉപയോഗപ്പെടുത്തുവാനായതും ഒന്നാം സ്ഥാനത്തേക്ക് എത്താൻ തനിക്ക് തുണയായെന്ന് ഒന്നാം റാങ്കുകാരി ഷഹനാസ് പറയുന്നു.
നിരവധി മത്സര പരീക്ഷകളിൽ ശ്രദ്ധേയമായ വിജയം ഇതിനകംതന്നെ കരസ്ഥമാക്കിയിട്ടുള്ള ഷഹനാസിനു സിവിൽ സർവ്വീസ് നേടണമെന്ന ആഗ്രഹമാണ് മനസ്സിൽ മുഖ്യമായും ഉള്ളത്. കോവിഡ് കാലത്ത് പൊതുജന ജാഗതയുമായി ബന്ധപ്പെട്ട് ഷഹനാസ് രചിച്ച കവിത മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക അഭിനന്ദനത്തിനും ഇടയാക്കിയിട്ടുണ്ട്. കലാപ്രേമി എസ് അഹമ്മദിന്റെ ചെറുമകളും, നമ്മുടെ ഗ്രൂപ്പ് അംഗം കോർദോവ എച്ച് എസ് എസ്സിലെ സോഫിയ ടീച്ചറുടെയും എൽ ജെ ഡി സംസ്ഥാന കമ്മിറ്റി അംഗം പൂവച്ചൽ നാസറിന്റെയും മകളാണ്. റാണിയ എസ്.എൻ ഏക സഹോദരിയാണ്.