
ജാസിറ അന്തിയുറങ്ങുന്ന മണ്ണില്‍ നിന്ന് ഭര്‍ത്താവ് അനസ് അമ്മയുടെ വേര്‍പാടറിയാതെ നാലുവയസ്സുകാരനുമായി വീട്ടിലേക്ക് മടങ്ങി.
രണ്ടു ദിവസം മുന്‍പ് ജിദ്ദയില്‍ ഗര്‍ഭിണിയായിരിക്കെ മരിച്ച ജാസിറയുടെ (27) ഭര്‍ത്താവ് തിരൂരങ്ങാടി കുണ്ടൂര്‍ സ്വദേശി അനസ് ഉള്ളക്കംതൈയിലും നാലു വയസുകാരന് മകനും കരിപ്പൂരിലേക്കുള്ള വിമാനത്തിലാണ് നാട്ടിലേക്കു യാത്രയായത്.
അഞ്ചുമാസം ഗര്‍ഭിണിയായിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ജാസിറ മരണപ്പെട്ടത്. പെട്ടെന്നുള്ള ജാസിറയുടെ മരണം അനസിനെ തളര്‍ത്തിയെങ്കിലും സാമൂഹിക സംഘടനകളുടെയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയുമെല്ലാം സഹായവും സ്നേഹവുമാണ് അനസിന് ആശ്വാസം നൽകിയത്. ഉമ്മ എവിടെ പോയെന്നറിയാതെ ഉമ്മയുടെ വരവ് പ്രതീക്ഷിച്ച് ഒന്നുമറിയാതെ കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരന് എല്ലാവര്ക്കും നൊമ്പരമായി മാറിയിരുന്നു. ജാസിറയുടെ ഖബറടക്കം കഴിഞ്ഞ ഉടന്‍ കരിപ്പൂരിലേക്കുള്ള അടിയന്തര വിമാന സര്‍വീസില്‍ തന്നെ അനസിനും മകനും ഇടം കിട്ടിയത് ആശ്വാസമായി. അനസിനുവേണ്ട സഹായങ്ങളുമായി ജിദ്ദ കെഎംസിസി പ്രവര്‍ത്തകര്‍ യാത്രയാകുന്നതുവരെ അവർക്കൊപ്പം പിന്തുണയുമായി കൂടെയുണ്ടായിരുന്നു.