വ്യാജനിൽ വലഞ്ഞ് പോലീസുകാരും !

ഒറിജിനലേത് ഡ്യുപ്ലിക്കേറ്റ് ഏത് എന്ന് തിരിച്ചറിയാനാകാതെ കുഴങ്ങുകയാണ് കേരളത്തിലെ പോലീസ്കാർ.ഫെയ്സ്ബുക്കിൽ പോലീസുകാരുടെ ഫ്രൺഡ് ലിസ്റ്റിലുള്ളവരെല്ലാം ആകെ കൺഫ്യൂഷനിലാണ്. ഉന്നതോദ്യോഗസ്ഥർ മുതൽ സാദാ പോലീസുകാരുടെ വരെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളാണ് പോലീസുകാരെപ്പോലും കുഴക്കുന്നത്. ഇതോടെ ഫെയ്സ്ബുക്ക് പോലീസിന് പൊല്ലാപ്പായി.ഡൽഹി കേന്ദ്രീകരിച്ചാണ് അക്കൗണ്ട് തുടങ്ങിയതെന്നതൊഴിച്ചാൽ മറ്റൊരു വിവരവും ലഭ്യമല്ല എന്നതാണ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നത്.
കഴിഞ്ഞ ഏപ്രിലിൽ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ വിജയ് സാഖറെയുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വന്നിരുന്നു. ഇപ്പോൾ ഡി.ജി.പി. ആർ. ശ്രീലേഖ, ഐ.ജി പി. വിജയൻ എന്നിവരുടെ വ്യാജ അക്കൗണ്ടുകളാണ് ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. എറണാകുളം റൂറൽ ജില്ലാ നർക്കോട്ടിക് ഡിവൈ.എസ്.പി. എം.ആർ. മധുബാബുവിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പുനടത്താനും ശ്രമമുണ്ടായി.
ലക്ഷ്യം പണംതട്ടൽ തന്നെയാണ് ഇത്തരക്കാരുടെ പ്രധാന ലക്ഷ്യം.
പോലീസുകാരുടെ യഥാർഥ പ്രൊഫൈലിൽനിന്ന് സുഹൃത്തുക്കളെ കണ്ടെത്തിയാണ് തട്ടിപ്പുകാർ വ്യാജ പ്രൊഫൈലിൽനിന്ന് റിക്വസ്റ്റ് അയയ്ക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ പുതിയ ചിത്രങ്ങളും ഉൾപ്പെടുത്തും. പഴയ അക്കൗണ്ടിനുപകരം പുതിയത് ഉണ്ടാക്കിയെന്നാണ് മറ്റുള്ളവർ കരുതുക. അത്യാവശ്യം സാമ്പത്തിക ശേഷിയുള്ളവരെ കണ്ടെത്തി ചാറ്റ് ചെയ്ത ശേഷം പണം ആവശ്യപ്പെടുന്നതാണ് രീതി
അന്വേഷണത്തിന് തുടർച്ച ഉണ്ടാകാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പ്രധാനകാരണം.നിർമിച്ചയാൾ എവിടെയെന്ന് കണ്ടെത്തുന്നതോടെ അന്വേഷണം അവസാനിക്കും. അക്കൗണ്ടുണ്ടാക്കാൻ ഉപയോഗിച്ച ഫോൺ നമ്പറടക്കം നിരപരാധികളുടെയാകും. ഇതിനാൽ അന്വേഷണവും എങ്ങുമെത്തില്ല.ഉത്തരേന്ത്യൻ ലോബിയാണ് ഇത്തരം തട്ടിപ്പുകളിലെല്ലാമുള്ളത്.
സൈബർ സെല്ലും സൈബർ പോലീസും സൈബർ ഡോമും അടക്കമുള്ള സംവിധാനങ്ങളുള്ളപ്പോഴും പോലീസിനെ വെല്ലുവിളിക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരേ നടപടിയെടുക്കാനാകുന്നില്ല.