Latest News

വ്യാജ രേഖകള്‍ ചമച്ച് വക്കീലായി; കയ്യോടെ പൊക്കി അസോസിയേഷന്‍

ആലപ്പുഴ:മതിയായ യോഗ്യതയില്ലാതെ അഭിഭാഷക പ്രാക്ടീസ് നടത്തിയ യുവതിക്കെതിരെ പോലീസ് കേസ് എടുത്തു. കുട്ടനാട് രാമങ്കരി സ്വദേശിനി സെസ്സി സേവ്യറിന് എതിരെയാണ് കേസ് എടുത്തത് . കഴിഞ്ഞ രണ്ടര വര്‍ഷമായി യോഗ്യതയില്ലാതെ ഇവര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും ബാര്‍ അസോസിയേഷനില്‍ മത്സരിച്ച് വിജയിച്ചിട്ടുമുണ്ട് . ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ സെക്രട്ടറി ആലപ്പുഴ നോര്‍ത്ത് പൊലിസില്‍ നല്‍കിയ പരാതിയിലാണ് നടപടി .

യോഗ്യതയില്ലാതെയാണ് സെസ്സി പ്രാക്ടീസ് നടത്തുന്നത് , വ്യാജ എന്റോള്‍മെന്റ് നമ്പര്‍ നല്‍കി അംഗംത്വം നേടി എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഭിലാഷ് സോമനാണ് ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതിപെട്ടത് . തുടര്‍ന്ന് അന്വേഷണത്തിനൊടുവില്‍ പൊലീസ് സെസ്സിക്കെതിരെ കേസ് എടുത്തു .

അസോസിയേഷന്‍ നിര്‍വാഹക സമിതി യോഗം ചേര്‍ന്ന് കഴിഞ്ഞ ദിവസം ഇവരെ പുറത്താക്കിയിരുന്നു.

ജില്ലാ കോടതിയില്‍ ഉള്‍പ്പടെ രണ്ടര വര്‍ഷമായി കോടതി നടപടികളില്‍ പങ്കെടുക്കുകയും ഒട്ടേറെ കേസുകളില്‍ അഭിഭാഷക കമ്മീഷനായി പോകുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു . ഇക്കാര്യം അസോസിയേഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു . കള്ളി വെളിച്ചത്തായതോടെ സെസി സേവ്യര്‍ ഒളിവില്‍ പോയി .

കൂടുതല്‍ ഭൂരിപക്ഷം നേടി അസോസിയേഷനില്‍ ജയിച്ച ഇവര്‍ ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആലപ്പുഴ കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ബി ശിവദാസിന്റെ കീഴില്‍
2018ലാണ് ഫൈനല്‍ ഇയര്‍ നിയമ ബിരുദ വിദ്യാര്‍ത്ഥിയായി സെസി എത്തിയത്. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി യുവതി അഡ്വ. ശിവദാസിന് കീഴില്‍ ചേര്‍ന്നു . ശേഷം പഠനത്തിന്റെ ഭാഗമായി കോടതികളില്‍ ഇവര്‍ എത്തുകയും ചെയ്തിരുന്നു. പ0ന കാലയളവ് കഴിഞ്ഞ് അഭിഭാഷക എന്ന നിലയില്‍ ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടുകയാണ് ചെയ്തത് . വര്‍ഷങ്ങളോളം ഇവര്‍ നിയമബിരുദം കരസ്ഥമാക്കി എന്ന് സഹപ്രവര്‍ത്തകരെയും ,കോടതിയേയും മറ്റുള്ളവരെയും വിശ്വസിപ്പിക്കുകയും ചെയ്തു .

പ്രാക്ടീസ് ചെയ്യുന്നതിനിടയ്ക്ക് തന്നെ ബാര്‍ കൗണ്‍സില്‍ കേരളയുടെ കീഴില്‍ എന്‍ റോള്‍ ചെയ്തതായി അറിയിച്ച് ബാര്‍ അസോസിയേഷന്‍ അംഗത്വത്തിനായി സമീപിക്കുകയും 2019 മാര്‍ച്ച് 30ന് അംഗത്വം കരസ്ഥമാക്കുകയും ചെയ്തിരുന്നു . വെരിഫിക്കേഷന്റെ ഭാഗമായി അസോസിയേഷന്‍ നടത്തിയ പരിശോധനയില്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തതിന്റെ പ്രധാന രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല . ഇതോടെയാണ് കള്ളക്കളി പുറത്തായത്. ആ സമയം പ്രമുഖ അഭിഭാഷകന് കീഴില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരിച്ച് ജൂനിയര്‍ അഡ്വക്കേറ്റായി പ്രാക്ടീസ് ആരംഭിച്ചിരുന്നു .

സെസി സേവ്യര്‍ ഏപ്രിലില്‍ നടന്ന അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മറ്റി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു .ഈ കഴിഞ്ഞ ജൂലൈ 5 ന് അസോസിയേഷന് ലഭിച്ച ഒരു അജ്ഞാത കത്തില്‍ നിന്നാണ് വ്യാജരേഖകള്‍ വച്ചാണ് സെസ്സി അഭിഭാഷകയായി തുടരുന്നതെന്ന് പുറത്തറിഞ്ഞത് .സെസ്സി ഉപയോഗിക്കുന്ന റോള്‍ നമ്പര്‍ വ്യാജമാണെന്ന് കത്തില്‍ നമ്പര്‍ സഹിതം വ്യക്തമാക്കിയതോടെ ചുരുളഴിഞ്ഞു . തുടര്‍ന്നാണ് ബാര്‍ അസോസിയേഷന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ സെസി നല്‍കിയ റോള്‍ നമ്പരില്‍ അങ്ങനെയൊരാള്‍ എന്റോള്‍ ചെയ്തിട്ടില്ല എന്ന് കണ്ടെത്തിയത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button