രാജ്യത്ത് പ്രതിദിന രോഗികൾ 32,000 കവിഞ്ഞു,മരണം 24,915 ആയി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 32,695 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന വർധന ബുധനാഴ്ച ഇതാദ്യമായി 30,000 കടന്നിരിക്കുന്നു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്ബാധിതർ 9,68,876 ആയി. 24 മണിക്കൂറിനിടെ 606 പേർ കൂടി മരിച്ചു. ഇതുവരെയുള്ള കൊവിഡ് മരണങ്ങൾ 24,915 ആയിട്ടുണ്ട്. ആശ്വാസമായി രോഗമുക്തരായവർ ആറു ലക്ഷം പിന്നിട്ടിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം ഇതുവരെ രോഗമുക്തി നേടിയത് 6,12,815 പേരാണ്. 3.31 ലക്ഷം ആക്റ്റിവ് രോഗികൾ ഇപ്പോഴുണ്ട്. 7,975 പുതിയ കേസുകൾ കണ്ടെത്തിയ മഹാരാഷ്ട്രയിൽ മൊത്തം രോഗബാധിതർ 2,75,640 ആയി. 233 മരണം കൂടിയാണു സംസ്ഥാനത്തു രേഖപ്പെടുത്തിയത്. ഇതുവരെയുള്ള മരണസംഖ്യ 10,928. ഇതുവരെ 1.52 ലക്ഷം പേർ മഹാരാഷ്ട്രയിൽ രോഗമുക്തരായിട്ടുണ്ട്. 1.11 ലക്ഷം ആക്റ്റിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
തമിഴ്നാട്ടിൽ 4496 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം വൈറസ്ബാധിതർ 1,52,820 ആയി. 68 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 2,167 ആയിട്ടുണ്ട്. ഇതുവരെ 1,02,310 പേർ രോഗമുക്തരായെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രാലയം പറയുന്നു. 47,340 ആക്റ്റിവ് കേസുകളാണു സംസ്ഥാനത്തുള്ളത്. 1,647 പേർക്കാണു ഡൽഹിയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,16,993 പേർക്ക് ഇതുവരെ രോഗബാധയുണ്ടായി. എന്നാൽ, ഇപ്പോൾ ചികിത്സയിലുള്ളവർ 17,807 പേരാണ്. കഴിഞ്ഞ ദിവസം 18,664 ആയിരുന്നു. ഓരോ ദിവസവും ആക്റ്റിവ് കേസുകൾ കുറഞ്ഞു വരികയാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. 3,487 പേരാണ് ഇതുവരെ രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരണപ്പെട്ടത്.