മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള മരിച്ചെന്ന് വ്യാജ പ്രചാരണം
തിരുവനന്തപുരം: മുന്‍ കെപിസിസി പ്രസിഡന്റും തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചെന്ന് കാണിച്ച് വ്യാജപ്രചരണം. ബാലകൃഷ്ണപിള്ള അന്തരിച്ചെന്ന പ്രചരണം നടക്കുന്നത് സൈബര്‍ ഇടങ്ങളിലാണ്. ഇന്ന് രാവിലെ മുതലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചുള്ള പോസ്റ്റുകള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. കണ്ടവര്‍ കണ്ടവര്‍ ഇത് വീണ്ടും വീണ്ടും ഷെയര്‍ ചെയ്തു.
ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും അറിഞ്ഞവരെല്ലാം തിരുവനന്തപുരത്തെ തെന്നലയുടെ വീട്ടിലേക്ക് വിളിയായി. ഇതോടെയാണ് വ്യാജ പ്രചാരണത്തെ കുറിച്ച് തെന്നലയും അറിഞ്ഞതും തുടര്‍ന്ന് അദ്ദേഹം തന്നെ വിശദീകരണവുമായി രംഗത്തെത്തിയതും. ഇത്തരം പ്രചാരണത്തിലൂടെ ആര്‍ക്കെങ്കിലും സന്തോഷം കിട്ടുന്നെങ്കില്‍ ആയിക്കോട്ടേയെന്നായിരുന്നു തെന്നലയുടെ പ്രതികരണം.