Kerala NewsLatest News

പ്രേതബാധ ഒഴിപ്പിക്കാൻ സ്ത്രീകൾക്ക് അരയിൽ ഏലസ് വരെ കെട്ടിക്കൊടുക്കും, എന്നിട്ട് പറയും നമ്മുടെ വിയർപ്പുകൾ ഒന്നിച്ചാൽ ബാധ ഒഴിഞ്ഞു പോകുമെന്ന്; അറസ്റ്റ്

കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് ബലഭദ്രന്‍ തട്ടിപ്പ് നടത്തിയിരുന്നത്. കൃഷി പണിക്കും കൂലിവേലയ്ക്കും മാറ്റുമായി എത്തി, വീട്ടിലെ സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്. ഇതിനിടെ വീട്ടിലെ പ്രശ്‌നങ്ങള്‍ ചോദിച്ചു മനസിലാക്കും. മകളുടെയോ മകന്റെയോ വിവാഹം നടക്കാത്തതും കുട്ടികളുണ്ടാകാത്തതും കടബാധ്യതയും ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ വീട്ടമ്മമാര്‍ ഇയാളോട് പറയും. ഒരു നിമിഷം കണ്ണടച്ച് ചില മന്ത്രങ്ങള്‍ ഉരിവിട്ടുകൊണ്ട് കുടുംബത്തില്‍ ചില ദോഷങ്ങള്‍ കാണുന്നുണ്ടെന്നും തനിക്ക് മന്ത്രവാദം അറിയാമെന്നും ഇയാള്‍ വീട്ടമ്മമാരെ പറഞ്ഞു വിശ്വസിപ്പിക്കും. തുടര്‍ന്ന് ചില പൂജകള്‍ ചെയ്യാമെന്നും തകിട് ജപിച്ച് കുഴിച്ചിടണമെന്നും പറയും. ഇതിനായി കാശ് വാങ്ങുകയും തുടര്‍ന്ന് പൂജകള്‍ നടത്തി തകിട് കൈമാറുകയും ചെയ്യും. അതിനിടെ നല്ല രീതിയില്‍ പണം കൈക്കലാക്കുകയും ചെയ്യുന്നതാണ് ബലഭദ്രന്റെ രീതി. ഒരു സ്ഥലത്തുനിന്ന് പണം ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ ആ പ്രദേശത്തേക്ക് ബലഭദ്രന്‍ വരില്ല. കിട്ടിയ കാശിനു അടിച്ചുപൊളിച്ചും ജീവിക്കുകയും ചെയ്യും.

ഇതിനിടെ പല സ്ഥലത്തും സ്ത്രീകളുമായി ഇയാള്‍ ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഒറ്റയ്ക്ക് താമസിക്കുകയും ഭര്‍ത്താവ് മരിച്ചു പോകുകയും ചെയ്യുന്ന സ്ത്രീകളുമായാണ് ഇയാള്‍ ബന്ധം സ്ഥാപിക്കുന്നത്. തെക്കന്‍ കേരളത്തിലെ വിവിധ ജില്ലകളിലായി തനിക്ക് അഞ്ച് ഭാര്യമാരുണ്ടെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.പാരിപ്പള്ളി സ്വദേശിനിയായ സ്ത്രീയെ കുത്തിവീഴ്ത്തിയതുമായി ബന്ധപ്പെട്ടാണ് ബലഭദ്രന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കേസിന് ആസ്പദമായ സംഭവം നടന്നത് മാര്‍ച്ച് 29നാണ്.

പാരിപ്പള്ളി സ്വദേശിനിയായ യുവതിയുടെ അമ്മയുടെ പിതാവിന് പ്രേതബാധയുണ്ടെന്നും വീട്ടിലെ ബുദ്ധിമുട്ടുകള്‍ക്ക് കാരണം ഇതാണെന്നും അത് ഒഴിപ്പിക്കാനായി ചില പൂജകള്‍ ചെയ്യണമെന്നും ഇയാള്‍ പറഞ്ഞു. ഇതിനായി പലപ്പോഴായി ഒരു ലക്ഷം രൂപ ബലഭദ്രന്‍ കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ നിരവധി തവണ പൂജകള്‍ ചെയ്തിട്ടും വീട്ടിലെ ബുദ്ധിമുട്ടുകള്‍ മാറാതെ വന്നതോടെ തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ഇവര്‍ക്ക് മനസിലായി. തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് താന്നിയിലെ വീട്ടിലെത്തി യുവതിയും മാതാവും ഭര്‍ത്താവും ബലഭദ്രനെ കണ്ടു. ഒരു പൂജകൂടി ചെയ്താല്‍ എല്ലാ ശരിയാകുമെന്നു പറഞ്ഞു യുവതിയെ മാത്രം, പൂജാമുറിയിലേക്ക് കയറ്റി കതകടച്ചു. തുടര്‍ന്ന് ‘എന്റെയും നിന്റെയും വിയര്‍പ്പുകള്‍ ഒന്നിച്ചാല്‍ എല്ലാ പ്രശ്‌നവും തീരും’ എന്ന് ബലഭദ്രന്‍ പറഞ്ഞു. ഇതുകേട്ട് യുവതി അവിടെനിന്ന് ഇറങ്ങി ഓടി. പിന്നാലെ എത്തിയ ബലഭദ്രനുമായി യുവതിയുടെ ഭര്‍ത്താവ് വാക്കുതര്‍ക്കമുണ്ടാകുകയും ഇതിനിടെ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ബലഭദ്രന്‍ യുവതിയുടെ അമ്മയെ കുത്തുകയുമായിരുന്നു. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ യുവതിയുടെ അമ്മ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഈ സംഭവത്തിനു ശേഷം ബലഭദ്രന്‍ ഒളിവില്‍ പോയി. യുവതി നല്‍കിയ പരാതിയില്‍ പൊലീസ് ബലഭദ്രനെ കണ്ടെത്താന്‍ ശ്രമം നടത്തി വരികയായിരുന്നു. അതിനിടെ വെളിയത്തുള്ള രണ്ടാം ഭാര്യയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു. എന്നാല്‍ അവിടെ പൊലീസ് എത്തിയപ്പോഴേക്കും ബലഭദ്രന്‍ കടന്നു കളഞ്ഞു. അതിനുശേഷമാണ് മാവേലിക്കരയില്‍ ഉണ്ടെന്ന് വിവരം ലഭിക്കുന്നതും പൊലീസ് ബലഭദ്രനെ കസ്റ്റഡിയിലെടുക്കുന്നതും.മാവേലിക്കര കൊല്ലകടവ് ഭാഗത്തുനിന്ന് ഇരവിപുരം ഇന്‍സ്‌പെക്ടര്‍ പി.എസ്. ധര്‍മജിത്ത്, എസ്ഐമാരായ ദീപു, സൂരജ്, സുതന്‍, സന്തോഷ്, അജിത് കുമാര്‍, എഎസ്ഐ ഷിബു പീറ്റര്‍, സിപിഒ വൈശാഖ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. ബലഭദ്രന്‍ അറസ്റ്റിലായ വിവരം അറിഞ്ഞു നേരത്തെ തട്ടിപ്പിന് ഇരയായവര്‍ പരാതിയുമായി രംഗത്തുവരാന്‍ തുടങ്ങിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button