മുംബൈയില്‍ 390 പേര്‍ക്ക് വ്യാജ വാക്സിന് നല്കി ലക്ഷങ്ങളുടെ തട്ടിപ്പ്
മുംബൈ: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിന് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ അടിയന്തര നടപടികള്‍ തുടരുന്നതിനിടെ സ്വകാര്യ ആശുപത്രികളുടെ പേരില്‍ മുംബൈയില്‍ ലക്ഷങ്ങളുടെ വാക്സിന് തട്ടിപ്പ്. നഗരത്തിലെ കാണ്ഡിവലി പ്രദേശത്തെ ഹൗസിങ് സൊസൈറ്റിയിലാണ് നൂറുകണക്കിന് പേര്‍ക്ക് വ്യാജ വാക്സിന് നല്കി ലക്ഷങ്ങളുമായി തട്ടിപ്പുകാര്‍ മുങ്ങിയത് .
മേയ് 30 ന് ഹീരാനന്ദാനി എസ്റ്റേറ്റ് സൊസൈറ്റിയിലാണ് വാക്സിന് ക്യാമ്ബ് നടത്തിയിരുന്നത്. അന്ന് 390 പേര്‍ക്കാണ് വാക്സിന് വിതരണം ചെയ്തത് .കോകിലബെന്‍ അംബാനി ആശുപത്രി പ്രതിനിധിയെന്ന പേരില്‍ രാജേഷ് പാണ്ഡെയെന്ന പേരില്‍ ഒരാള്‍ ബന്ധപ്പെട്ടാണ് വാക്സിന് മേള നടത്തി എല്ലാവര്ക്കും വാക്സിന് നല്കുന്ന വിവരമറിയിച്ചത്. മഹേന്ദ്ര സിങ്, സഞ്ജയ് ഗുപ്ത എന്നിവരും ഇതില്‍ പങ്കാളികളായി. കോവിഷീല്‍ഡ് വാക്സിന് ഒരു ഡോസിന് 1,260 രൂപ നിരക്കിലായിരുന്നു ഈടാക്കിയത്.
അതെ സമയം വാക്സിന് സ്വീകരിച്ചവര്‍ക്ക് ആഴ്ചകള്‍ കഴിഞ്ഞും സന്ദേശം ലഭിക്കാതെ വന്നതോടെയാണ് ആള്‍ക്കാര്‍ക്ക് സംശയം തുടങ്ങിയത്. തുടര്‍ന്ന് രണ്ടാഴ്ച കഴിഞ്ഞ വിവിധ ആശുപത്രികളുടെ പേരില്‍ ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും ബന്ധപ്പെട്ടപ്പോള്‍ ആശുപത്രികള്‍ സ്ഥിരീകരിച്ചില്ല .
കുത്തിവെപ്പ് സ്വീകരിച്ച ആര്‍ക്കും മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങളൊന്നും അനുഭവപ്പെടാതിരുന്നതും സംശയമുണ്ടാക്കി. ഇത് സംബന്ധിച്ച് ആശുപത്രികള്‍ പിന്നീട് നിഷേധക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.അതെ സമയം തങ്ങള്‍ക്ക് ലഭിച്ച വാക്സിന് ഒറിജിനലോ വ്യാജനോ എന്നറിയാതെ കുഴങ്ങുകയാണ് വാക്സിന് സ്വീകരിച്ചവര്‍.