കുടുംബസഹായ നിധി കൈമാറിയില്ല; രക്തസാക്ഷിയുടെ കുടുംബം പാര്‍ട്ടി വിട്ടു
കുന്ദംകുളം: സിപിഎം നേതൃത്വം പിരിച്ചെടുത്ത കുടുംബസഹായ നിധി കൊടുക്കാത്തതിനാല്‍ രക്തസാക്ഷിയുടെ കുടുംബം പാര്‍ട്ടി വിട്ടു. ഡിവൈഎഫ്‌ഐ ചൊവ്വന്നൂര്‍ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയായിരുന്ന സനൂപിന്റെ (26) കുടുംബമാണ് എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് പാര്‍ട്ടിയില്‍ നിന്നും പടിയിറങ്ങിയിരിക്കുന്നത്. സനൂപിന്റെ കുടുംബത്തിനായി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബ സഹായ ഫണ്ടെന്ന പേരില്‍ 21 ലക്ഷം രൂപ പിരിച്ചെടുത്തിരുന്നു. പിരിച്ചെടുത്ത പണം ഇതുവരെ കുടുംബത്തിന് നല്‍കിയിട്ടില്ല. സനൂപിന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ നാലിനാണു കുന്ദംകുളം ചിറ്റിലങ്ങാടുവച്ച് പാതിരാത്രി കുത്തേറ്റത്.
സിപിഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് കേസില്‍ പിടിയിലായത്. കുത്തേറ്റിട്ടും ആശുപത്രിയിലെത്തിക്കാതെ മന്ത്രി വരുന്നത് കാത്ത് നിന്നത് മൂലം രക്തം വാര്‍ന്നായിരുന്നു സനൂപിന്റെ മരണം. അച്ഛനെയും അമ്മയെയും നേരത്തേ നഷ്ടപ്പെട്ട സനൂപ് വലിയമ്മയോടൊപ്പമാണ് പുതുശേരി കോളനിയില്‍ താമസിച്ചിരുന്നത്. വലിയമ്മയ്ക്കൊപ്പം സനൂപ് താമസിച്ചിരുന്ന വീടും 5.75 സെന്റ് സ്ഥലവും സ്മാരകം പണിയാനായി ഏറ്റെടുക്കാനായിരുന്നു പാര്‍ട്ടി തീരുമാനം.
കുടുംബാംഗങ്ങളായ മൂന്നുപേര്‍ക്ക് അവകാശപ്പെട്ട വീടും ഭൂമിയും പാര്‍ട്ടിക്കു നല്‍കാന്‍ ആദ്യം സമ്മതിച്ചെങ്കിലും വീട്ടുകാര്‍ പിന്നീടു പിന്മാറി. പിരിച്ചെടുത്ത പണം കുനംമൂച്ചി സര്‍വീസ് സഹകരണ ബാങ്കിലും കുന്ദംകുളം അര്‍ബന്‍ സര്‍വീസ് സഹകരണ സംഘത്തിലുമായി പാര്‍ട്ടിയുടെ പേരില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നാണ് നേതൃത്വം പറയുന്നത്. സിപിഎമ്മിന്റെ ഏരിയ, ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ക്കെതിരേയാണ് സനൂപിന്റെ കുടുംബാംഗങ്ങളുടെ പരാതികള്‍.
സംഭവം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയാത്തത് പാര്‍ട്ടിക്കും സംസ്ഥാന സര്‍ക്കാരിനും തിരിച്ചടിയായി. സനൂപിനെ കുത്തിവീഴ്ത്തിയ കേസിലെ ഒന്നാം പ്രതി നന്ദനന്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഗള്‍ഫിലേക്ക് കടന്നു. ഇതു തടയാന്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും കഴിയാതിരുന്നതും വീട്ടുകാരെ വേദനിപ്പിച്ചു.
പാര്‍ട്ടി വിടുകയാണെന്നു വീട്ടുകാര്‍ നേരത്തേ ബ്രാഞ്ച് സെക്രട്ടറിയോടു പറഞ്ഞിരുന്നു. എന്നാല്‍ അനുകൂലമായ മറുപടിയല്ല നേതാക്കള്‍ നല്‍കിയതെന്നു ബന്ധുക്കള്‍ പറഞ്ഞു. സനൂപിന്റെ വലിയമ്മയും ബന്ധുക്കളുമുള്‍പ്പെടെ പുതുശേരി കോളനി നിവാസികളായ പത്തുപേരാണു പാര്‍ട്ടി ബന്ധം വിടുന്നത്.