പ്രശസ്‌ത ചലച്ചിത്ര നടൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരി അന്തരിച്ചു.

കണ്ണൂർ/ പ്രശസ്‌ത ചലച്ചിത്ര നടൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരി എന്ന പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്. കൊവിഡ് മുക്തിനേടി വീട്ടിൽ വിശ്രമിക്കുന്നതിനിടെ കണ്ണൂരിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ മുത്തച്ഛൻ കഥാപാത്രമായി തിളങ്ങിയ ഉണ്ണികൃഷ്‌ണൻ നമ്പൂതിരി കല്യാണരാമനിലെ മുത്തച്ഛന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. കല്യാണരാമന്‍, ദേശാടനം, ചന്ദ്രമുഖി,കളിയാട്ടം, കൈക്കുടന്ന നിലാവ്, പോക്കിരിരാജ, മായാമോഹിനി എന്നിവ പ്രധാന സിനിമകളാണ്. 1996ൽ ജയരാജ് ആണ് ദേശാടനത്തിലൂടെ ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയെ സിനിമയിലേക്ക് എത്തിക്കുന്നത്. ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയെ തേടി തുടർന്ന് നിരവധി ചിത്രങ്ങൾ എത്തുകയായിരുന്നു. പമ്മൽ കെ സംബന്ധം, ചന്ദ്രമുഖി,കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, എന്നീ തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ചന്ദ്രമുഖിയിൽ രജനികാന്തിനൊപ്പവും പമ്മൽ കെ. സംബന്ധം എന്ന തമിഴ് ചിത്രത്തിൽ കമൽ ഹാസനൊപ്പവും, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ സിനിമയിൽ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. ന്യൂമോണിയയെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കൊവിഡ് പൊസിറ്റീവായതായി അറിയുന്നത്. ചികിത്സനന്തരം വിശ്രമത്തിലായിരുന്നു അദ്ദേഹം. ഗാനരചയിതാവും നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവാണ് .