Kerala NewsLatest NewsNews

ആത്മഹത്യ ചെയ്യാനായി ആറ്റില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത് 14 കാരന്‍

പത്തനംതിട്ട; ചില കുട്ടികളങ്ങനെയാണ്. ജീവന്‍ പോലും വകവെക്കാതെ സമോചിതമായ ഇടപെടലില്‍ ഒരു ജീവന്‍ തന്നെ അവര്‍ രക്ഷിച്ചേക്കാം. ആത്മഹത്യ ചെയ്യാനായി ആറ്റില്‍ ചാടിയ യുവതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് എട്ടാം ക്ലാസുകാരന്‍. തിരുവല്ല സ്വദേശിയായ 14 കാരന്‍ ആല്‍ബിനാണ് 39 കാരിയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിലാണ് അക്കരെനിന്ന് ആരോ ആറ്റില്‍ വീഴുന്നത് ആല്‍ബിന്‍ കണ്ടതാണ്. കൂട്ടുകാരും വീട്ടുകാരും നോക്കിനില്‍ക്കെ ആല്‍ബിന്‍ ആറ്റിലേക്ക് ചാടി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

50 മീറ്റര്‍ വീതിയുള്ള മണിമലയാറിനെ മിനിറ്റുകള്‍കൊണ്ട് നീന്തിക്കടന്നാണ് ആല്‍ബിന്‍ യുവതിക്ക് അടുത്തെത്തിയത്. അക്കരെയെത്തുമ്പോഴേക്കും യുവതി രണ്ടുതവണ മുങ്ങിപ്പൊങ്ങിയിരുന്നു. മൂന്നാംതവണ മുങ്ങിപ്പോയ യുവതിയെ ആല്‍ബിന്‍ തന്റെ കുഞ്ഞ് കൈകള്‍ കൊണ്ട് പൊക്കിയെടുക്കുകയായിരുന്നു. 39 വയസ്സുള്ള യുവതിയുമായി ആല്‍ബിന്‍ കരയിലേക്ക് നീന്തി.

ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് തിരുമൂലപുരത്തെ കടവിന് സമീപത്തുനിന്ന് യുവതി ആറ്റില്‍ ചാടിയത്. കുടുംബ സുഹൃത്തിന്റെ സംസ്‌കാരച്ചടങ്ങിനാണ് തിരുവല്ലയിലെത്തിയത്. ആല്‍ബിന്‍ കരയ്‌ക്കെത്തിച്ച ഇവരെ കുറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സഞ്ചുവും ആല്‍ബിന്റെ പിതാവ് ബാബുവും ചേര്‍ന്നാണ് തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. കുടുംബപ്രശ്‌നങ്ങള്‍ കാരണമാണ് ആറ്റില്‍ ചാടിയതെന്ന് യുവതി പറഞ്ഞു. കുറ്റൂര്‍ തെങ്ങേലി പോത്തളത്ത് പാപ്പനാവേലില്‍ വീട്ടില്‍ ബാബു-ആന്‍സി ദമ്പതിമാരുടെ മകനാണ് ആല്‍ബിന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button