പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ വസുധ ചക്രവര്‍ത്തി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് മൂകാംബയിലെ സൗപർണികാ നദിയിൽ
കൊല്ലൂർ മൂകാംബയിലെ സൗപർണികാ നദിയിൽ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടു. ബെംഗളൂരു ആസ്ഥാനമായ വസുധ ചക്രവര്‍ത്തി (45)യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് വസുധയുടെ മൃതദേഹം സൗപർണികാ നദിയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 27-ന് അവർ ബെംഗളൂരുവിൽ നിന്ന് കൊല്ലൂരിലെത്തിയിരുന്നു. പിന്നീട് നദീതീരത്തേക്ക് പോയതായി പ്രദേശവാസികൾ കണ്ടിരുന്നു. മണിക്കൂറുകളോളം അവരുടെ കാർ അനാഥമായി നിലകൊണ്ടത് സംശയം തോന്നിയ നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചുവെന്നു പറയുന്നു. തുടർന്ന് നടന്ന തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയ്ക്കുള്ള സാഹചര്യം ഒന്നും കണ്ടെത്തിയിട്ടില്ലെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.
കോർപ്പറേറ്റ് ജീവിതം അവസാനിപ്പിച്ചാണ് വസുധ ഫോട്ടോഗ്രഫിയിലേക്ക് പ്രവേശിച്ചത്. കാടുകളും നദികളും അവിടങ്ങളിലെ ജീവജാലങ്ങളുമാണ് അവരുടെ ക്യാമറയിൽ കൂടുതലായും പതിഞ്ഞിരുന്നത്. വനത്തിനുള്ളിലെ ഏകാന്തവാസം കൊണ്ടും വന്യജീവിതത്തിന്റെ സൗന്ദര്യം പകർത്തുന്നതിനൊപ്പം അതിന്റെ നിലനിൽപ്പിനായി നടത്തിയ പ്രവർത്തനങ്ങളാലും വസുധ ശ്രദ്ധേയയായി. അടുത്തിടെ നദീതടങ്ങളിലെ ജൈവവൈവിധ്യത്തെക്കുറിച്ച് ഗവേഷണം ആരംഭിച്ചിരുന്നതും കൊല്ലൂർ യാത്രയുടെ ഭാഗമായിരുന്നു. ഫോട്ടോഗ്രഫിയോടൊപ്പം കിക്ക് ബോക്സിംഗിലും കരാട്ടെയിലും വസുധ പ്രാവീണ്യം തെളിയിച്ചിരുന്നു.
Tag: Famous wildlife photographer Vasudha Chakraborty found dead; body found in Souparnika river in Mookambika