HeadlineKerala NewsLatest News

പോരാട്ട വീര്യത്തിന് വിട; ദർബാർ ഹാളിൽ പൊതുദർശനം

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ വിടപറയൽ കേരളത്തിന് ഒരിതിഹാസയുഗത്തിന്റെ അന്ത്യം കൂടിയാണ്. ജനകീയ നേതാവിന് ആദരാഞ്ജലി അർപ്പിക്കാൻ ഇന്നലെ എകെജി സെന്ററിലെത്തിയത് ആയിരങ്ങളായിരുന്നു.

ഇന്ന് രാവിലെ ഒമ്പതിന് തിരുവനന്തപുരത്തെ ദര്‍ബാര്‍ ഹാളില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനായി വെയ്ക്കും. കവടിയാറിലെ വസതിയില്‍ നിന്ന് അന്ത്യയാത്ര ആരംഭിച്ച് ദര്‍ബാര്‍ ഹാളില്‍ എത്തിക്കും. ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തു നിന്ന് വിലാപയാത്രയായി ആലപ്പുഴയിലെ വേലിക്കകത്തെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ആലപ്പുഴയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഒഫിസിലും പൊതുദര്‍ശനം ഉണ്ടാകും. പിന്നീട് വൈകീട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടത്തും.

വി എസിന്റെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു മേഖലയിലുള്ള സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയാണ്. എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തികെട്ടും.

101-ആം വയസ്സിലാണ് വി എസിന്റെ ജീവിതയാത്ര അവസാനിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് എസ്യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം.

കേരള രാഷ്ട്രീയത്തിലെ അമരനായിരുന്നു വിഎസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയെന്ന നിലയില്‍ പോലും അതിജീവിച്ചുകൊണ്ടിരുന്നതും പ്രതിപക്ഷ നേതാവായി അതിവിശാലമായ സ്വാധീനം ചെലുത്തിയതും അദ്ദേഹത്തെ വേറിട്ട നയപരമായ പ്രതിച്ഛായയാക്കി മാറ്റി. സിപിഐഎം സംസ്ഥാന സെക്രട്ടറി, പൊളിറ്റ്ബ്യൂറോ അംഗം തുടങ്ങിയ നിലകളില്‍ തിളങ്ങിയ അദ്ദേഹം, അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് സിപിഐഎം രൂപപ്പെടുന്നതിനുള്ള പ്രാരംഭ ഘട്ടങ്ങളില്‍ പങ്കാളിയായിരുന്നു.

തിരുവിതാംകൂറിലെ തൊഴിലാളി പ്രസ്ഥാനങ്ങളില്‍ നിന്നും ഐക്യകേരളത്തിലേക്ക് എത്തുന്ന ചരിത്രത്തിന്റെ ഭാഗം കൂടിയാണ് വി എസിന്റെ ജീവിതം.

Tag: Farewell to fighting spirit; Public viewing at Durbar Hall

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button