റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിയിൽ നിന്നും കർഷകർ പിന്തിരിയില്ല.

ന്യൂഡൽഹി / റിപ്പബ്ലിക്ക് ദിനത്തിൽ പ്രഖ്യാപിച്ച ട്രാക്ടർ റാലിയിൽ നിന്നും കർഷകർ പിന്തിരിയില്ല. സംയുക്ത് കിസാൻ മോർച്ച ജനുവരി 26ന് പ്രഖ്യാപിച്ച ട്രാക്ടർ റാലിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. കർഷക സംഘടനകളുടെ കൊടിക്കൊപ്പം ദേശീയ പതാകയും ട്രാക്ടറിൽ കെട്ടിയായിരിക്കും കർഷകർ ട്രാക്ടർ റാലി നടത്തുക. ഒരു രാഷ്ട്രീയ പാർട്ടികളുടെയും കൊടികൾ ഉപയോഗിക്കില്ല. ന്യൂഡൽഹിയിൽ എത്തിച്ചേരാൻ സാധിക്കാത്തവർ തങ്ങളുടെ ഗ്രാമങ്ങളിൽ മാർച്ച് നടത്തുമെന്നാണ് സംയുക്ത് കിസാൻ മോർച്ച നേതാക്കൾ അറിയിച്ചിരിക്കുന്നത്.
ഇതിനിടെ നിരോധിക്കപ്പെട്ട സംഘടനായയുമായി കർഷക നേതാവ് ബൽദേവ് സിങ് സിർസക്കുള്ള ബന്ധം സംബന്ധിച്ച് എൻഐഎ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനിരിക്കുകയാണ്. നാൽപ്പതുപേരെ ചോദ്യം ചെയ്യാൻ എൻഐഎ വിളിച്ചുവരുത്തുന്ന നടപടിയിൽ കർഷകർ പ്രതിഷേധിച്ചിട്ടുണ്ട്. സിഖ് ഫോർ ജസ്റ്റിസ് എന്ന നിരോധിത സംഘടയ്ക്കെതിരായ കേസിലാണ് ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. കർഷക സമരം രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ച പ്രധാന വ്യക്തിത്വങ്ങളിൽ ഒരാളാണ് സിർസ. സർക്കാരുമായി കൂടിക്കാഴ്ച നടത്തുന്ന കർഷക നേതാക്കളുടെ സംഘത്തിലെ അംഗംകൂടിയായ സിർസക്ക് സിഖ് ഫോർ ജസ്റ്റിസ് എന്ന നിരോധിത സംഘടനയുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൻ ഐ എ ആരോപിക്കുന്നത്.
റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ ട്രാക്ടർ റാലി നടത്തുന്നതിനെ കേന്ദ്രം സുപ്രീംകോടതിയിൽ എതിർത്തിരുന്നതാണ്. സംഭവം രാജ്യത്തിന് അപമാനകരമാണെന്നാണ് കേന്ദ്രത്തിന്റെ വാദം. ആയിരം ട്രാക്ടറുകൾ റാലിയിൽ പങ്കെടുക്കുമെന്നാണ് കർഷകർ പറയുന്നത്. റാലി സമാധാനപരമാണെന്നും രാജ്പഥിൽ നടക്കുന്ന പരേഡിനെ തടസ്സപ്പെടുത്തില്ലെന്നും ആണ് കർഷകർ പറയുന്നത്.