പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റിലെ സംഘര്‍ഷം; എല്ലാവരും ക്വാറന്റീനില്‍ പോകാൻ കളക്ടറുടെ കര്‍ശന നിർദേശം.

കോഴിക്കോട് പേരാമ്പ്ര മത്സ്യ മാർക്കറ്റിൽ ഉണ്ടായ സി.പി.ഐ.എം-ലീഗ് ഏറ്റുമുട്ടലിന്റെ ഭാഗമായ എല്ലാവരും ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ജില്ലാ കളക്ടരുടെ കർശന നിർദേശം. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചായിരുന്നു മാര്‍ക്കറ്റിൽ സംഘര്‍ഷം അരങ്ങേറിയത്. രോഗവ്യാപനത്തിന്റെ സാഹചര്യം നിലനില്‍ക്കെ പേരാമ്പ്രയില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ സാംബശിവറാവു പറഞ്ഞു.
സംഘര്‍ഷ പ്രദേശത്ത് ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും റൂം ക്വാറന്റീനില്‍ പ്രവേശിക്കേണ്ടതാണ്. ഇവര്‍ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധം പുലര്‍ത്തേണ്ടതും ഏഴ് ദിവസത്തിന് ശേഷം കൊവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കോഴിക്കോട് കൊവിഡ് കേസുകളില്‍ വലിയ വര്‍ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ പേരാമ്പ്രയിലുണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം നോക്കി കാണുന്നത്.
മീന്‍വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷസാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പ്രദേശം പൊലീസ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പേരാമ്പ്ര ടൗണില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. മുസ്‌ലിം ലീഗ് വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന അഞ്ച് പേര്‍ പുലര്‍ച്ചെ മത്സ്യവില്‍പനയ്ക്ക് എത്തിയതിനെ ലീഗ് പ്രവർത്തകൻ പ്രതിരോധിച്ചതോടെയാണ് തര്‍ക്കം ഉണ്ടായത്.അത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.