ഓച്ചിറയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ഥാറും കൂട്ടിയിടിച്ചുണ്ടായപകടത്തിൽ അച്ഛനും രണ്ട് മക്കളും മരിച്ചു
കൊല്ലം ഓച്ചിറയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ഥാറും കൂട്ടിയിടിച്ചുണ്ടായപകടത്തിൽ അച്ഛനും രണ്ട് മക്കളും മരിച്ചു. തേവലക്കര സ്വദേശി പ്രിൻസ് തോമസ് (44), മക്കളായ അതുൽ (14), അൽക്ക (5) എന്നിവരാണ് മരിച്ചത്. പ്രിൻസിന്റെ ഭാര്യ ബിന്ദ്യക്കും മകൾ ഐശ്വര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഐശ്വര്യയുടെ നില ഗുരുതരമാണ്.
ഇന്ന് പുലർച്ചെ 6.15ഓടെയാണ് ഓച്ചിറ വലികുളങ്ങരയിൽ അപകടമുണ്ടായത്. അമേരിക്കയിലേക്ക് പോകാനിരുന്ന ബിന്ദ്യയുടെ സഹോദരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച് മടങ്ങും വഴിയിലായിരുന്നു കുടുംബം. കരുനാഗപ്പള്ളി നിന്ന് ചേർത്തല ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസുമായി ഇടിക്കുകയായിരുന്നു ഥാർ.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം, അമിതവേഗത്തിൽ എത്തിയ ഥാർ നേരെ ബസിലേക്കിടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്റെ മുൻചക്രങ്ങൾ തെറിച്ചു, ഥാർ പൂർണ്ണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പ്രിൻസിനേയും കുടുംബത്തേയും പുറത്തെടുത്തത്. പ്രിൻസ് സ്ഥലത്തുവച്ചുതന്നെ മരിച്ചു.
കെഎസ്ആർടിസി ബസിലുണ്ടായിരുന്ന ഇരുപത് യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ ഓച്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രിൻസ് ഉറങ്ങിപ്പോയതാകാം അപകടത്തിനിടയാക്കിയതെന്ന് പ്രാഥമിക നിഗമനം. തേവലക്കരയിൽ വ്യാപാരം നടത്തി വന്നിരുന്നയാളായിരുന്നു അദ്ദേഹം. മരിച്ച അതുൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും അൽക്ക എൽകെജി വിദ്യാർത്ഥിനിയുമാണ്. ഗുരുതരമായി പരിക്കേറ്റ ഐശ്വര്യ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.
Tag: Father and two children die in accident involving KSRTC fast passenger bus and Thar in Ochira