സീനിയോറിറ്റി തര്‍ക്കം;എക്‌സൈസ് വകുപ്പില്‍ നിയമനം കിട്ടാതെ റാങ്ക് ജേതാക്കള്‍
തിരുവനന്തപുരം: എക്‌സൈസ് വകുപ്പില്‍ നിയമനം കിട്ടാതെ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ഥികള്‍ വലയുന്നു. എക്സൈസ് വകുപ്പിലെ സീനിയോറിറ്റി തര്‍ക്കം പരിഹരിക്കാത്തതാണ് നിയമനം വൈകുന്നതിന്റെ പ്രധാന കാരണം. ഈ വകുപ്പില്‍ നേരിട്ടു നിയമനം കിട്ടിയ പ്രിവന്റീവ് ഓഫിസര്‍മാരും പ്രമോഷനിലൂടെ ഈ തസ്തികയില്‍ എത്തിയവരും തമ്മിലുള്ള തര്‍ക്കം അനന്തമായി നീളുകയാണ് .നിലവില്‍ ഉദ്യോഗാര്‍ഥികളുടെ ആവിശ്യം ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കേസുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നാണ് .
ഇരുനൂറിലേറെ തസ്തികകളില്‍ നിയമനം മുടങ്ങിക്കിടക്കുകയാണ്. ഇതില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എന്നി തസ്തികകളും ഉള്‍പ്പെടും . കൂടുതല്‍ ദുരിതം അനുഭവിച്ചത് കഴിഞ്ഞ വര്‍ഷം ജൂണില്‍ കാലാവധി അവസാനിച്ച സിവില്‍ എക്സൈസ് ഓഫിസര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും അടക്കം പൂര്‍ത്തിയാക്കിയ 3205 പേര്‍ ഉള്‍പ്പെട്ട റാങ്ക് പട്ടികയില്‍ നിന്ന് ആകെ നിയമനം ലഭിച്ചത് 434 പേര്‍ക്കു മാത്രമാണ്.
345 എക്സൈസ് ഇന്‍സ്പെക്ടര്‍ തസ്തികകളില്‍ 130 എണ്ണവും 84 അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ തസ്തികകളില്‍ 77 എണ്ണവും ഒഴിഞ്ഞു കിടക്കുകയാണ്. എന്നിട്ടും 63 അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ തസ്തികകളില്‍ മാത്രമാണ് പ്രമോഷന്‍ നല്‍കിയത്. അതേസമയം നിയമനത്തര്‍ക്കമുണ്ടായ ഏതാനും ചില തസ്തികകളില്‍ താല്‍ക്കാലിക പ്രമോഷന്‍ നല്‍കിയെങ്കിലും ഇതിന്റെ ഗുണം റാങ്ക്പട്ടികയിലെ ഉദ്യോഗാര്‍ഥികള്‍ക്കു ലഭിച്ചില്ല.
എന്നാല്‍ മുമ്പ് ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നു റാങ്ക് പട്ടികയുടെ കാലാവധി തീരുന്നതിനു മുന്‍പു തന്നെ വിഷയത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഇടപെട്ട് ഒഴിവുകള്‍ പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു.അതിനാല്‍ തന്നെ ഈ തര്‍ക്കം പരിഹരിച്ച് പ്രമോഷന്‍ സ്ഥിരപ്പെടുത്തിയാല്‍ ഈ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കു നിയമനശുപാര്‍ശ നല്‍കാന്‍ പിഎസ്സിക്കു കഴിയും.എന്നാല്‍ ഇതിന് തടസം നില്‍ക്കുന്നത് കോടതിയിലെ കേസുകളാണ്. ഈ കേസുകള്‍ക്ക് പിന്നില്‍ എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരില്‍ ചിലരുടെ വ്യക്തി താല്‍പര്യങ്ങള്‍ ഉണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കുന്നുണ്ട്