ലിബിയയിലെ ബെൻഗാസിയിൽ ഏഴ് മക്കളെ വെടിവെച്ച് കൊന്ന ശേഷം പിതാവ് ജീവനൊടുക്കി

ലിബിയയിലെ ബെൻഗാസിയിൽ ഏഴ് മക്കളെ വെടിവെച്ച് കൊന്ന ശേഷം പിതാവ് ജീവനൊടുക്കി. അൽ-ഹവാരി സ്വദേശിയായ ഹസൻ അൽ-സവി എന്നയാളാണ് സ്വന്തം കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ബെൻഗാസിയിലെ അൽ-ഹവാരി പ്രദേശത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അഞ്ച് വയസ്സ് മുതൽ 13 വയസ്സ് വരെ പ്രായമുള്ള ഏഴ് കുട്ടികളാണ് മരിച്ചത്.
കാറിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ കാർ തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തലയ്ക്ക് വെടിയേറ്റാണ് കുട്ടികൾ മരിച്ചത്. ചില കുട്ടികളുടെ മൃതദേഹം സ്‌കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു. ഭാര്യയുമായി പിരിഞ്ഞ് താമസിക്കുകയായിരുന്ന ഇയാൾ മാനസികാസ്വാസ്ഥ്യം മൂലമാണ് കൃത്യം ചെയ്തതും ജീവനൊടുക്കിയതും എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Tag; Father kills himself after shooting dead seven children in Benghazi, Libya



