ഫാദർ സ്റ്റാൻ സ്വാമിയെ ചികിൽസയ്ക്കുവേണ്ടി ആശുപത്രിയിലേക്ക് മാറ്റാൻ മുംബൈ ഹൈക്കോടതിയുടെ ഉത്തരവ്
മുംബൈ: മാവോവാദി ആരോപണത്തിന്റെ പേരിൽ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി വൈദികൻ ഫാദർ സ്റ്റാൻ സ്വാമിയെ ചികിൽസയ്ക്കുവേണ്ടി ആശുപത്രിയിലേക്ക് മാറ്റാൻ മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. എൽഗാർ പരിഷത്ത് കേസിൽ പ്രതിചേർക്കപ്പെട്ട സ്റ്റാൻ സാമി നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിലാണ് ഇപ്പോഴുള്ളത്. പതിനഞ്ച് ദിവസത്തെ ചികിൽസയ്ക്കായി മുബൈയിലെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിക്കാനാണ് നിർദേശിച്ചിട്ടുളളത്.
ജസ്റ്റിസ് ഷിൻഡെ, ജസ്റ്റിസ് എൻആർ ബോർകർ എന്നിവരുൾപ്പെടുന്ന വെക്കേഷൻ ബെഞ്ചിന്റേതാണ് വിധി. എൻഐഎ കോടതി ഇടക്കാല ജാമ്യത്തിനുവേണ്ടിയുള്ള സ്റ്റാൻ സ്വാമിയുടെ അപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ആരോഗ്യാവസ്ഥയും കൊറോണ വ്യാപനവും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. മെയ് 19ാം തിയ്യതി ജെ ജെ ആശുപത്രിയുടെ ഡീനോട് സ്റ്റാൻ സ്വാമിയുടെ ആരോഗ്യനില പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. മെയ് 21ന് റിപ്പോർട്ട് സമർപ്പിച്ചു.
മെയ് 21ന് സ്റ്റാൻ സ്വാമി വീഡിയോ കോൺഫ്രൻസ് വഴി കോടതിക്കു മുന്നിൽ ഹാജരായി. കഴിഞ്ഞ ഓക്ടോബർ മാസം മുതൽ ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജെ ജെ ആശുപത്രിയിൽ ചികിൽസ തേടാനുള്ള കോടതി നിർദ്ദേശം അദ്ദേഹം തള്ളി. താൻ അധികം താമസിയാതെ മരണത്തിനു കീഴടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന അഭിഭാഷകൻ മിഹിർ ദേശായിയാണ് സ്വാമിക്കുവേണ്ടി ഹാജരായത്.
തന്റെ കക്ഷി ഹോളി ഫാമിലി ആശുപത്രിയിൽ സ്വന്തം ചെലവിൽ ചികിൽസ തേടാൻ ഒരുക്കമാണെന്നും അദ്ദേഹത്തിന് ഒരു മുഴുവൻ സമയ സഹായിയെ ആവശ്യമാണെന്നും സെന്റ് സേവിയേഴ്‌സ് കോളജ് മുൻ പ്രിൻസിപ്പളും സെന്റ് പീറ്റേഴ്‌സ് ചർച്ചിലെ പുരോഹിതനുമായ ഫാദർ ഫ്രേസർ മസ്‌കെറൻഹാസിനെ സഹായിയായി നിർത്താൻ അനുവദിക്കണമെന്നും കോടതിയോട് അഭ്യർത്ഥിച്ചു.
ജെ ജെ ആശുപത്രിയിൽ എല്ലാ സൗകര്യങ്ങളുമുണ്ടെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്നും എൻഐഎക്കുവേണ്ടി ഹാജരായ അഡി. സോളിസിറ്റർ ജനറൽ അനിൽ സിങ് വാദിച്ചു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കുന്നത് പൊതുമേഖലാ ആശുപത്രികളെ മോശമായി ചിത്രീകരിക്കുന്നതിനു കാരണമാവുമെന്നും അതൊരു കീഴ് വഴക്കമാകുമെന്നും ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും കോടതി അത് തള്ളി.
84 വയസ്സുള്ള പ്രതിക്ക് ചികിൽസ ആവശ്യമുണ്ടെന്ന കാര്യം കോടതി അംഗീകരിച്ചു. കൊറോണ വ്യാപനം നിലനിൽക്കുമ്പോൾ ജെ ജെ ആശുപത്രിയിൽ വേണ്ടത്ര ചികിൽസ ലഭിക്കണമെന്നില്ല. ഈ സാഹചര്യത്തിൽ 15 ദിവസത്തെ ചികിൽസ അനുവദിക്കാൻ കോടതി അനുമതി നൽകി. ചെലവുകൾ പ്രതിതന്നെ വഹിക്കണം. പ്രായാധിക്യമുള്ളതുകൊണ്ട് സഹായിയെയും അനുവദിച്ചു. സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ അടുത്ത മാസം ഏഴിന് പരിഗണിക്കാനായി കോടതി മാറ്റിവച്ചു.