NewsTechWorld

ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ബീജം കച്ചവടം: 35 കുട്ടികളുടെ പിതാവായി 29 കാരൻ

ന്യൂയോർക്ക്: അമേരിക്കയിൽ ഫേസ്ബുക്ക് അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഗ്രൂപ്പുകളുണ്ടാക്കി ബീജം കച്ചവടം ചെയ്ത 29 കാരൻ 35 കുട്ടികളുടെ പിതാവായി. ഇതിനൊപ്പം ഇയാളുടെ ബീജത്തിൽ നിന്നുള്ള ആറുകുട്ടികളെ വിവിധ സ്ത്രീകൾ ഇപ്പോൾ ഗർഭം ധരിച്ചിട്ടുണ്ടെന്നാണ് സ്കൈ ന്യൂസ് റിപ്പോർട്ട് പറയുന്നത്. കെയിൽ ഗോർഡി എന്നറിയപ്പെടുന്ന ഇയാൾ തന്നെയാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ആയിരങ്ങൾ അംഗങ്ങളായ ഇയാളുടെ ഫേസ്ബുക്ക് വഴിയാണ് ബീജം വിതരണം ചെയ്യാനുള്ള നീക്കങ്ങൾ നടക്കുന്നത്. ഈ വർഷം മധ്യത്തോടെ തൻറെ ബീജ വിതരണം യുകെയിലേക്കും വ്യാപിപ്പിക്കും എന്നാണ് ഇയാൾ അറിയിക്കുന്നത്. കൊവിഡ് പ്രതിസന്ധിയിൽ പ്രത്യുൽപാദന പ്രശ്ന പരിഹാര ക്ലിനിക്കുകൾ പലതും അടച്ചിട്ടതോടെ ചില സ്ത്രീകൾ ഓൺലൈൻ സഹായത്തോടെ ബീജ ദാതക്കളെ തേടുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് അമേരിക്കൻ സ്വദേശിയുടെ വാർത്തകൾ പുറത്തുവന്നത്.

പ്രൈവറ്റ് സ്‌പേം ഡോണേഴ്‌സ് എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് ഗോർഡി നടത്തുന്നുണ്ട്. ഇതിൽ ലോകമാകെയുള്ള എണ്ണായിരത്തിലേറെ പേർ അംഗങ്ങളാണ്. ബീജ ബാങ്കുകളെ ആശ്രയിക്കാതെ തന്നെ ബീജത്തിന് അത്യവശ്യമുള്ളവരെ സഹായിക്കുകയാണ് ലക്ഷ്യം. തുടക്കത്തിൽ ബീജദാനത്തിനായി ബീജ ബാങ്കുകളെ സമീപിച്ചിരുന്നു. എന്നാൽ, ഇവ തികച്ചും ഔദ്യോഗികമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. നിങ്ങൾ ആർക്കാണ് ബീജം നൽകുന്നതെന്ന് അറിയാൻ മാർഗമില്ല. എനിക്ക് താൽപര്യമില്ലാത്തവർക്കാണോ ബീജം നൽകുന്നതെന്നുപോലും അറിയാനാവില്ല. അതുകൊണ്ടുതന്നെ ആ വഴി ഞാൻ തിരഞ്ഞെടുത്തില്ല’ എന്നായിരുന്നു സ്‌കൈ ന്യൂസിനോട് കെയ്ൽ ഗാർഡി പ്രതികരിച്ചത്.

22 വയസുള്ളപ്പോൾ ഒരു ലെസ്ബിയൻ ദമ്പതികൾക്കാണ് ആദ്യമായി ഗോർഡി ബീജദാനം നടത്തിയത്. ഇപ്പോൾ ആവശ്യക്കാരായ സ്ത്രീകൾക്ക് ബന്ധപ്പെടാൻ വേണ്ടി ഗോർഡി സ്വന്തമായി വെബ് സൈറ്റ്വരെ തയ്യാറാക്കിയാണ് ഈ രംഗത്ത് എത്തിയത്. 90 ശതമാനം അവസരങ്ങളിലും കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് തന്നെ സമീപിച്ച സ്ത്രീകൾ ഗർഭിണികളായതെന്ന് ഗോർഡി പറയുന്നു. ബാക്കിയുള്ള പത്ത് ശതമാനം അവസരങ്ങളിൽ ലൈംഗിക ബന്ധത്തിലൂടെയായിരുന്നു ഗർഭധാരണമെന്നും ഇയാൾ വ്യക്തമാക്കുന്നു. അപകടസാധ്യത കുറയ്ക്കുന്നതിന് വർഷത്തിൽ രണ്ട് മൂന്ന് തവണയെങ്കിലും എച്ച്ഐവി അടക്കമുള്ള ലൈംഗികമായി പകരുന്ന രോഗങ്ങളുടെ പരിശോധന താൻ നടത്താറുണ്ടെന്നും ഗോർഡി പറയുന്നു.

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് കൂടുതൽ പേർ കൃത്രിമമായി ഗർഭം ധരിക്കാൻ ശ്രമിച്ചിരുന്നു. ഇത് ഫെർട്ടിലിറ്റി ക്ലിനിക്കുകളിലെ കാത്തിരിപ്പിന്റെ ദൈർഘ്യം വർധിപ്പിച്ചിരുന്നു. ഈ കാത്തിരിപ്പും പണച്ചെലവും ഒഴിവാക്കാൻ നിരവധി പേർ കെയ്ൽ ഗാർഡിയുടേത് പോലുള്ള സ്വകാര്യ സംരംഭങ്ങളെ ആശ്രയിക്കുന്നതിലെ അപകടത്തെക്കുറിച്ച് പല സംഘടനകളും മുന്നറിയിപ്പ് നൽകിയിരുന്നു.

സമൂഹ മാധ്യമങ്ങൾ വഴി ബീജ ദാനം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ഫേസ്ബുക്ക് പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ജാഗ്രത പാലിക്കണമെന്ന് വിവിധ സന്നദ്ധ സംഘടനകൾ ആവശ്യപ്പെടുന്നു. അതേ സമയം സംഭവത്തിൽ ഫേസ്ബുക്ക് പ്രതികരിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തികൾ ബീജ ദാനം ഓൺലൈൻ സഹായത്തിൽ നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഫേസ്ബുക്ക് അറിയിച്ചു. ബീജദാനത്തെക്കുറിച്ച് ഫേസ്ബുക്ക് വഴി ചർച്ച ചെയ്യുന്നതിൽ യാതൊരു തടസവുമില്ല. എന്നാൽ ഇത് അതാത് രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങളെ ലംഘിക്കുന്നതാണോ എന്ന് സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും ഫേസ്ബുക്ക് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button