
കൊച്ചി: സംസ്ഥാന സർക്കാറിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയതിനു പിന്നാലെ പ്രതികരണവുമായി നടി കനി കുസൃതി.സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിനാണ് കനി കുസൃതിക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത്.
മലയാള സിനിമ മറന്ന മലയാളത്തിന്റെ ആദ്യ നായിക പി.കെ റോസിയ്ക്ക് തന്റെ അവാർഡ് സമർപ്പിക്കുന്നു എന്ന് കനി പറഞ്ഞു.എല്ലാവരും പ്രതീക്ഷ നൽകിയിരുന്നെങ്കിലും അവാർഡ് കിട്ടുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല.അവസരങ്ങൾ എല്ലാവർക്കും എല്ലാതരത്തിലും കിട്ടാറില്ല,നമ്മുടെ ആദ്യത്തെ നായിക തന്നെ ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ദളിത് സ്ത്രീ കൂടിയാണ്. ഒരു അപ്പർകാസ്റ്റ് കഥാപാത്രം അവതരിപ്പിച്ച അവരുടെ വീടൊക്കെ കത്തിച്ച് ഈ നാട്ടിൽ നിന്ന് പറഞ്ഞു വിട്ട ചരിത്രമുള്ള സ്ഥലമാണ് കേരളം.ഇപ്പോഴും നായിക നിരയിലുള്ളവരെ നോക്കുമ്പോൾ ജാതീയപരമായി ആ ഡിസ്‌ക്രിമിനേഷൻ ഉള്ളതു പോലെ തന്നെയാണ് തോന്നിയിട്ടുള്ളത്.ആളുകൾക്ക് അവസരം കിട്ടുന്നില്ല എന്ന് കനി പറഞ്ഞു.
അതിനാൽ തന്നെ മാറ്റി നിർത്തപ്പെട്ടവർക്കാണ് ഈ അവാർഡ് സമർപ്പിക്കേണ്ടത് എന്നാണ് തനിക്ക് തോന്നുന്നതെന്നും കനി പറഞ്ഞു.സിനിമയായാലും നാടകമായാലും തനിക്ക് ഒരു പോലെയാണെന്നും ഒരു നടിയായി അറിയപ്പെടാനാണ് താൻ കൂടുതലും താൽപ്പര്യപ്പെടുന്നതെന്നും നടി കൂട്ടിച്ചേർത്തു.