international newsLatest NewsWorld

പാകിസ്ഥാൻ– അഫ്ഗാൻ അതിർത്തിയിൽ രൂക്ഷമായ ഏറ്റുമുട്ടൽ; 58 പാക്ക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

പാകിസ്ഥാൻ– അഫ്ഗാൻ അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. പാക്കിസ്ഥാന്റെ അതിർത്തി പോസ്റ്റുകൾക്ക് നേരെ അഫ്ഗാൻ സൈന്യം ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. 25 അതിർത്തി പോസ്റ്റുകൾ പിടിച്ചെടുത്തതായി അഫ്ഗാൻ അധികാരികൾ അറിയിച്ചു. സംഘർഷത്തെ തുടർന്ന് അതിർത്തി വഴികൾ പാക്കിസ്ഥാൻ അടച്ചിട്ടിരിക്കുകയാണ്. 58 പാക്ക് സൈനികർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ വൃത്തങ്ങൾ പറഞ്ഞു.

തങ്ങളുടെ മണ്ണിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയെന്നാരോപിച്ചാണ് താലിബാൻ സേന ആക്രമണം ആരംഭിച്ചത്. നിരവധി പ്രവിശ്യകളിലായി കനത്ത പോരാട്ടം നടന്നു. കാബൂളിൽ വ്യാഴാഴ്ച രണ്ട് സ്ഫോടനങ്ങളും രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത് മറ്റൊരു സ്ഫോടനവും നടന്നു. അതുപോലെ അതിർത്തി പ്രദേശത്തെ ചന്തയിലും സ്ഫോടനം ഉണ്ടായി. ഈ ആക്രമണങ്ങൾക്ക് പിന്നിൽ പാക്കിസ്ഥാനാണെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. പാക്കിസ്ഥാൻ തങ്ങളുടെ പരമാധികാരം ലംഘിച്ചുവെന്നാരോപിച്ച് അവർ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.

അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യ സന്ദർശനത്തിലായിരിക്കെയാണ് കാബൂളിൽ സ്ഫോടനങ്ങൾ നടന്നത്. ഈ വിഷയത്തിൽ പാക്കിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്ഫോടനത്തിൽ ആളപായമില്ലെന്നാണ് അഫ്ഗാൻ സർക്കാർ വക്താവിന്റെ വിശദീകരണം.

കാബൂളിലെ വ്യോമാക്രമണത്തിന് പ്രതികാരമായിട്ടാണ് താലിബാൻ സേന അതിർത്തിയിലെ നിരവധി പ്രദേശങ്ങളിൽ പാക്കിസ്ഥാൻ സുരക്ഷാസേനയുമായി ഏറ്റുമുട്ടിയതെന്ന് അഫ്ഗാൻ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. പാക്കിസ്ഥാൻ വീണ്ടും അതിർത്തി ലംഘനത്തിന് ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.

അതേസമയം, പാക്കിസ്ഥാൻ സർക്കാർ അഫ്ഗാൻ ഭരണകൂടം തെഹ്‌രീക്-ഇ-താലിബാനെ (TTP) സഹായിക്കുന്നുവെന്നാരോപിച്ചു. ഇങ്ങനെ തുടരുകയാണെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനുശേഷമാണ് അതിർത്തി പ്രദേശത്ത് സംഘർഷം ആരംഭിച്ചത്.

പാക്കിസ്ഥാനെതിരെ പ്രകോപനത്തിന് മുതിരുന്നവർക്ക് ഉചിതമായ തിരിച്ചടി നൽകുമെന്നും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വ്യക്തമാക്കി.

Tag: Fierce clashes on Pakistan- Afghanistan border; 58 Pakistani soldiers reported killed

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button